തൊടുപുഴ യുഡിഎഫില്‍ അസാധു വിവാദം പുകയുന്നു

തൊടുപുഴ: മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പരസ്യ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും രംഗത്തെത്തിയതോടെ യുഡിഎഫില്‍ അസാധു വിവാദം കൊഴുക്കുന്നു. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥി പ്രഫ. ജസ്സി ആന്റണിയും ഒരു വിഭാഗം നേതാക്കളും നേരത്തെ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ടി കെ സുധാകരന്‍നായരുടെ വോട്ട് അസാധുവായി പോയിരുന്നു. അബദ്ധം പറ്റിയതാണെന്ന് ഇദ്ദേഹം വിശദീകരിച്ചെങ്കിലും യുഡിഎഫോ കോണ്‍ഗ്രസ് നേതൃത്വം പോലുമോ ഇത് വിശ്വസിച്ചിട്ടില്ല. ഇദ്ദേഹത്തോട് ഡിസിസി വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകളാവുകയും നറുക്കെടുപ്പിലൂടെ ഭരണം സിപിഎമ്മിന്റെ മിനി മധുവിലെത്തുകയുമായിരുന്നു. മുസ്‌ലിം ലീഗിലെ സഫിയ ജബ്ബാര്‍ മുന്നണി ധാരണപ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അസാധു വോട്ട് വിവാദത്തിനിടെ വൈസ് ചെയര്‍മാന്‍ പദവി സുധാകരന്‍ നായര്‍ രാജിവച്ചെങ്കിലും യുഡിഎഫ് അതിനെ മുഖവിലക്കെടുത്തിട്ടില്ല.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ നായരുടേത് വഞ്ചനയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു. സുധാകരന്റെ വഞ്ചനയ്‌ക്കെതിരേ തക്കതായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാവണം. അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യുഡിഎഫിനെ സംരക്ഷിക്കുമെന്ന സുധാകരന്റെ പ്രസ്താവന അപഹാസ്യമാണ്. അവിശ്വാസം കൊണ്ടുവരാന്‍ സുധാകരന്‍ യുഡിഎഫില്‍ വേണമോ എന്ന് യുഡിഎഫ് കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് തീരുമാനം എടുക്കണം. കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തില്‍ ഇരുന്ന് മത്ത് പിടിച്ച സുധാകരന്‍ അധികാരം ഒഴിയേണ്ടി വന്നപ്പോള്‍ മാനസിക വിഭ്രാന്തിയില്‍ യുഡിഎഫിനെ വഞ്ചിക്കുകയായിരുന്നു. പതിനെട്ട് വര്‍ഷമായി  യുഡിഎഫ് ഭരിച്ചു പോരുന്ന തൊടുപുഴ മുനിസിപ്പാലിറ്റി ഇടതുപക്ഷത്തിന് കാഴ്ചവച്ച സുധാകരനും അദ്ദേഹത്തിന്റെ സഹയാത്രികര്‍ക്കും തൊടുപുഴയിലെ ജനാധിപത്യ വിശ്വാസികള്‍ മാപ്പു കൊടുക്കില്ലെന്നും മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തിനു പരാതി നല്‍കുന്നതിന് മണ്ഡലം പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
18  വര്‍ഷത്തോളമായി യു.ഡി.എഫ് ഭരണത്തിലായിരുന്ന തൊടുപുഴ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ പദവി എല്‍.ഡിഎഫിന് ലഭിച്ചതിന്റെ പരിപൂര്‍ണ്ണമായ ഉത്തരവാദിത്വം കൊണ്‍ഗ്രസിലെ ചിലര്‍ക്കാണെന്നും മുന്നണി മര്യാദകള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള പ്രവര്‍ത്തന ശൈലിക്ക് കടിഞ്ഞാണിടണമെന്നും മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
വോട്ട് അസാധുവാക്കിയ നടപടി അപലപനീയമാണ്. ഇന്ത്യ ഒട്ടാകെ ഫാസിസ്റ്റ് ശക്തികളെ ദുര്‍ബലപ്പെടുത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തൊടുപുഴയിലെ ചില കോണ്‍ഗ്രസുകാര്‍  ഇരിക്കുന്ന കമ്പ് മുറിക്കുന്ന ശൈലിയാണ് അനുവര്‍ത്തിച്ചുവരുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ടി.കെ സുധാകരന്‍ നായരുടെ വോട്ട് അസാധുവായത് മനപ്പൂര്‍വ്വമല്ലെന്ന് പറയുന്നത്  വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കം മൂലമാണ് പല വാര്‍ഡുകളും നഷ്ടപ്പെട്ടത്. യു.ഡി.എഫിന്റെ കെട്ടുറപ്പിന് വേണ്ടി എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ലീഗ് വോട്ട് അസാധുവാക്കിയ സംഭവം വളരെ ഗൗരവമായി കാണുന്നു.
മുന്നണി മര്യാദകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച സുധാകരന്‍ നായരുടെ നടപടി മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും വേദനാജനകമാണ്.ഇക്കാര്യത്തില്‍  സുധാകരന്റെ പേരിലുള്ള ഡി.സി.സിയുടെ അന്വേഷണം പ്രഹസനമായി മാറരുതെന്നും മുനിസിപ്പല്‍ പ്രസിഡന്റ് എം എ കരീമും ജനറല്‍ സെക്രട്ടറി അഡ്വ. സി കെ ജാഫറും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top