തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ വിള്ളല്‍: നടപടിയില്ല

ചെറുതോണി: തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയില്‍ കുരുതിക്കളത്തിനു സമീപം റോഡില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലന്ന് ആക്ഷേപം. റോഡിന്റെ മധ്യഭാഗത്ത് ഏകദേശം 20 മീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്.
ഒരു വര്‍ഷക്കാലമായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ റോഡിന്റെ അപകടാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കാതെ അപകട സൂചന മാത്രം നല്‍കി വന്‍ ദുരന്തത്തിനായി കാത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുവേ വീതികുറഞ്ഞ ഈ ഭാഗത്ത് രണ്ട് വാഹനങ്ങള്‍ക്ക് പരസ്പരം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
റോഡിന്റെ തകരാറായ ഭാഗത്ത് നൂറു മീറ്ററിലധികം താഴെ ഗര്‍ത്തമാണ്. സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകര്‍ന്നാല്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താനാവാതെ ജില്ലാ ആസ്ഥാനത്തേക്കുള്ള ഗതാഗതം പൂര്‍ണമായി നിലയ്ക്കും.
വേനല്‍ക്കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്താന്‍ എന്തുകൊണ്ടും സൗകര്യമുണ്ടായിട്ടും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍ നിസ്സംഗത തുടരുകയാണ്. റോഡിലെ അപകടഭീതി ഒഴിവാക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

RELATED STORIES

Share it
Top