തൊടുപുഴ നഗരത്തില്‍ ഫഌക്‌സ് ബോര്‍ഡും ബാനറും നിരോധിക്കും

സ്വന്തം  പ്രതിനിധി

തൊടുപുഴ: തൊടുപുഴ നഗരപരിധിയില്‍ ഇനി ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും വേണ്ടെന്ന് കൗണ്‍സില്‍ തീരുമാനം. നഗരത്തിലും പ്രാന്ത മേഖലയിലുമുള്ള റോഡുവക്കിലെ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും നിരോധിക്കാനാണ് ധാരണയായത്. ഇതിന്റെ ഭാഗമായി നിരോധന മേഖലകള്‍ അടിയന്തരമായി സ്റ്റിയറിങ് കമ്മിറ്റി വിളിച്ചുചേര്‍ത്തു തീരുമാനിക്കും. ജനുവരി ഒന്നുമുതല്‍ നിരോധിത മേഖലയില്‍ പരസ്യ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കൗണ്‍സിലില്‍ അറിയിച്ചു. 2013 ഫെബ്രുവരി 21ലെ കോടതി ഉത്തരവ് അനുസരിച്ചും 2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ ബൈലോ പ്രകാരവും നഗരസഭാ പരിധിയിലെ റോഡുകള്‍, പാലങ്ങള്‍, ഡിവൈഡറുകള്‍, ഫുട്പാത്ത്, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ പ്ലാസ്റ്റിക് ഫഌക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് പരസ്യ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍, ഉത്തരവ് ലംഘിച്ച് നഗരത്തില്‍ പ്രധാന ജങ്ഷനുകളിലെല്ലാം പരസ്യ പ്രചാരണ ബോര്‍ഡുകള്‍ നിറഞ്ഞിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും നിരോധനം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റാന്‍ തയാറാവാത്തത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കി. ഒരു സര്‍വീസ് സംഘടന സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ മാറ്റിയത് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനാലാണ് വിഷയം കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ചു നടന്ന ചര്‍ച്ചകള്‍ രൂക്ഷമായ വാക്കേറ്റത്തിനും ഇടയാക്കി. തീരുമാനം എടുത്താല്‍ നടപ്പാക്കണമെന്നും പിന്നോട്ടു പോവരുതെന്നും എ എം ഹാരിദ് ആവശ്യപ്പെട്ടു. ദൂരപരിധി സംബന്ധിച്ച് മുമ്പെടുത്ത തീരുമാനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഇതു പരിഹരിച്ച് തീരുമാനം നടപ്പാക്കണം. എന്നാല്‍ തീരുമാനം എടുത്തവര്‍ തന്നെയാണ് ഇതു ലംഘിച്ചതെന്ന പ്രതിപക്ഷത്തിന്റെ മറുപടി രൂക്ഷമായ തര്‍ക്കത്തിനിടയാക്കുകായിരുന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിളിച്ച് തീരുമാനം അറിയിക്കണമെന്ന് രാജീവ് പുഷ്പാംഗദന്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് കെ കെ ഷിംനാസ്, കെ കെ ആര്‍ റഷീദ് എന്നിവര്‍ വാദിച്ചു. സര്‍വക്ഷിയോഗം വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ മിനുട്‌സില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൊടിയുടെ നിറം നോക്കാതെ ബോര്‍ഡുകള്‍ മാറ്റാന്‍ തീരുമാനിച്ചാല്‍ അതിനു പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരനും വ്യക്തമാക്കി. ധൃതിപിടിച്ച് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും ഫഌക്‌സ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രത്യേകം സ്ഥലം വിശദമായ ചര്‍ച്ച നടത്തി കണ്ടെത്തണമെന്നും ആര്‍ ഹരി ആവശ്യപ്പെട്ടു. ഒടുവില്‍ ജനുവരി ഒന്നുമുതല്‍ പരസ്യപ്രചരണ ബോര്‍ഡുകള്‍ നഗരത്തിലെ നിരോധിത മേഖലകളില്‍ നിരോധിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ദൂരപരിധി നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെയും യോഗം ഉടനടി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. തുടര്‍ന്നു കൗണ്‍സില്‍ ചേര്‍ന്ന് നിരോധിത മേഖലകള്‍ സംബന്ധിച്ച് വ്യക്തമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top