തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തകര്‍ക്കാന്‍ നീക്കം: കെജിഎംഒഎ

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി തകര്‍ക്കാന്‍ നീക്കമെന്ന് കെജിഎംഒഎ. പ്രസവമെടുക്കാന്‍ സാധാരണ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിറക്കിയിരിക്കുയാണ്.  വിവിധ തസ്തികകളിലായി ഇരുപതോളം ഗൈനക്കോളജിസ്റ്റുകള്‍ ഇവിടെ സേവനമനുഷ്ടിക്കുന്നുണ്ട്. പ്രതിദിനം 250ല്‍പരം ഗര്‍ഭിണികളാണ് ഇവിടെ ചികില്‍സതേടുന്നത്.
പ്രതിമാസം 500 ഓളം പ്രസവവും നടക്കുന്നുണ്ട്. പ്രസവശുശ്രൂഷ പൂര്‍ണമായും ഗൈനക്കോളജിസ്റ്റ് തന്നെയാണ് നല്‍കുന്നതെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഒരു കാരണവുമില്ലാതെ ഈ രീതി അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പ്രസവമുറിയില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം അനിവാര്യമല്ലെന്നും അവിടെ സാധാരണ ഡോക്ടറെ നിയമിച്ചാല്‍ മതിയെന്നുമാണ് ഡയറക്ടറുടെ കണ്ടെത്തല്‍. കൂടാതെ അതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ സാധാരണ അസിസ്റ്റന്റ് സര്‍ജന്‍മാരെ പ്രസവമുറിയില്‍ നിയോഗിക്കാത്തപക്ഷം ആശുപത്രിയിലെ മറ്റു വാര്‍ഡുകളിലും അത്യാഹിത വിഭാഗത്തിലും സേവനമനുഷ്ടിച്ചു വരുന്ന അസിസ്റ്റന്റ് സര്‍ജന്‍മാരെ സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തി.
അസിസ്റ്റന്റ് സര്‍ജന്‍മാരെ പ്രസവമുറിയില്‍ നിയോഗിക്കണമെന്ന് സൂപ്രണ്ട് ഉത്തരവിറക്കി.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുംവ്യത്യസ്തമായി സര്‍ക്കാര്‍ ആശുപത്രികളിലാണ് കൂടുതല്‍ പ്രസവം നടക്കുന്നത്. അത് ഡോക്ടര്‍മാരുടെ ഈ മേഖലയിലുള്ള കാര്യക്ഷമതയാണെന്നിരിക്കെ ഡയറക്ടറുടെ ഇത്തരം നീക്കം സ്വകാര്യ ആശുപത്രി ലോബികളുടെ സഹായിക്കാനാണെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ വിചിത്ര ഉത്തരവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാപ്രസിഡന്റ് ഡോ.സനല്‍കുമാര്‍ എല്‍ടി, ജില്ലാസെക്രട്ടറി ഡോ. ജിഎസ് വിജയകൃഷ്ണന്‍ അറിയിച്ചു.

RELATED STORIES

Share it
Top