തൈക്കടപ്പുറത്ത് കടലാക്രമണം രൂക്ഷം; കടല്‍ഭിത്തി തകര്‍ന്നു

നീലേശ്വരം: കടലാക്രമണം രൂക്ഷമായതോടെ തൈക്കടപ്പുറത്ത് കടല്‍ഭിത്തി തകര്‍ന്നു. തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ബോട്ടുജെട്ടി തീരം വരെയാണ് കടല്‍ഭിത്തി തകര്‍ന്നത്. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ ടി പി ബീന ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും കുടിയൊഴിഞ്ഞിരിക്കുകയാണ്.
2007ല്‍ തീരസംരക്ഷണത്തിനായാണ് ലക്ഷങ്ങള്‍ മുടക്കി ഇവിടെ കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകത മൂലം ഒരു വര്‍ഷത്തിനകം തന്നെ ഭിത്തി ഭാഗികമായി തകര്‍ന്നിരുന്നു.
പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനര്‍ നിര്‍മിക്കുകയായിരുന്നു. തുടര്‍ന്നും കല്ലുകള്‍ ഇളകിത്തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ കടലാക്രമണം രൂക്ഷമാകുകയും ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തതോടെ കരിങ്കല്ലുകള്‍ അടര്‍ന്ന് കടലിലേക്ക് ഒഴുകിപ്പോകാന്‍ തുടങ്ങിയിരിക്കുകയാണ്. നിര്‍മാണത്തിലെ അപാകതയും കടലാക്രമണത്തിനും പുറമെ സമീപ പ്രദേശങ്ങളില്‍ നിന്നും അനധികൃത മണലെടുപ്പും ഭിത്തി തകരാന്‍ കാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു.
അതോടൊപ്പം തന്നെ കടല്‍ഭിത്തി നിര്‍മാണത്തിലെ അശാസ്ത്രീയതയും ഭിത്തി തകരാന്‍ കാരണമാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ബോട്ടുജെട്ടി തീരം വരെ കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും തൈക്കടപ്പുറം എഎല്‍പി സ്‌കൂള്‍ ഭാഗത്ത് കടല്‍ഭിത്തി നിര്‍മിച്ചിട്ടില്ല.
തൈക്കടപ്പുറം തീരദേശമേഖലയാകെ കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് മല്‍സ്യതൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. എന്നാല്‍ ഫിഷറീസ് വകുപ്പോ നഗരസഭാ അധികൃതരോ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാത്തത്് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പെന്‍ഷന്‍ സമരം
വിജയിപ്പിക്കും
നീലേശ്വരം: കേരള പ്രൈമറി കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സഹകരണ പെന്‍ഷന്‍കാരുടെ സമരം വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ എം തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി ഭാസ്‌കരന്‍ നായര്‍, കൊപ്പല്‍ പ്രഭാകരന്‍, ശ്രീധരന്‍ പള്ളം സംസാരിച്ചു.

RELATED STORIES

Share it
Top