തൈകളുടെ വിലയില്‍ വന്‍ വര്‍ധനമാനന്തവാടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം ഉല്‍പാദിപ്പിച്ച് കഴിഞ്ഞ വര്‍ഷം വരെ സൗജന്യ നിരക്കില്‍ വിതരണം ചെയ്തുവന്ന വൃക്ഷത്തൈകളുടെ വിലയില്‍ ഈ വര്‍ഷം വന്‍ വര്‍ധന. മുന്‍വര്‍ഷങ്ങളില്‍ തേക്കിന്റെ കമ്പിന് മൂന്നു രൂപയായിരുന്നു ഈടാക്കിയത്. ഇത്തവണ ഇത് ഏഴു രൂപയായി. ചെറിയ കവറുകളില്‍ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ വ്യക്തികള്‍ക്ക് ആറു രൂപയ്ക്കും സ്ഥാപനങ്ങള്‍ക്ക് 50 പൈസക്കും നല്‍കിവന്ന സ്ഥാനത്ത് ഈ വര്‍ഷം 17 രൂപയായി വര്‍ധിപ്പിച്ചു. വലിയ ഗ്രോബാഗുള്‍ക്ക് 45 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് നല്‍കിവരുന്ന സൗജന്യം ഈ വര്‍ഷവും തുടരും. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 50 പൈസ മുതല്‍ രണ്ടു രൂപ വരെ നിരക്കില്‍ നല്‍കിയിരുന്ന തൈകള്‍ക്കാണ് വന്‍തോതില്‍ തുക വര്‍ധിപ്പിച്ചത്. നിലവിലുള്ള തുക ഉല്‍പാദന-പരിപാലന ചെലവുകള്‍ക്ക് പര്യാപ്തമല്ലെന്നും ഇതു  വര്‍ധിപ്പിക്കണമെന്നും കാണിച്ച് സാമൂഹിക വനവല്‍ക്കരണ വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് കത്ത് നല്‍കുകയായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ജില്ലയില്‍ രണ്ടര ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. ബേഗൂര്‍, ചുഴലി, കുന്താണി എന്നിവിടങ്ങളിലെ നഴ്‌സറികളിലാണ് തൈകള്‍ ഉല്‍പാദിപ്പിച്ചത്. തേക്കിനു പുറമെ മാവ്, പ്ലാവ്, മഹാഗണി, ഓറഞ്ച്, ഇരുമ്പന്‍ പുളി, ആര്യവേപ്പ്, മാംഗോസ്റ്റിന്‍, പേരക്ക, നെല്ലി, മന്ദാരം, പൂവരശ്, കണിക്കൊന്ന, ആത്തച്ചക്ക തുടങ്ങിയ തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. ഗുണനിലവാരമുള്ള തൈകളാണ് ഉല്‍പാദിച്ചിരിക്കുന്നതെങ്കിലും വിലവര്‍ധന തിരിച്ചടിയാവുമോ എന്ന ആശങ്ക വനംവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കുണ്ട്. കൂടാതെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തൈ വിതരണം അധിക ബാധ്യതയാവും. യുവജനപ്രസ്ഥാനങ്ങള്‍ തൈ വാങ്ങുന്നതില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കാനും വിലവര്‍ധന കാരണമായേക്കും.

RELATED STORIES

Share it
Top