തേന്‍ വിരുന്നുമായി പ്രവര്‍ത്തകര്‍: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കുറി മധുരിക്കും

കടയ്ക്കല്‍: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കൊല്ലത്ത് എത്തിചേരുന്ന പ്രതിനിധികളെ ശുദ്ധമായ തേന്‍ നല്‍കി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കടയ്ക്കലിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ഏപ്രില്‍ 25 മുതല്‍ 29 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമായി എത്തിചേരുന്ന ആയിരത്തോളം വരുന്ന പ്രതിനിധികള്‍ക്കാണ് തേന്‍കിറ്റ് നല്‍കുന്നത്. തേന്‍ വിളവെടുപ്പ് ഉല്‍സവം മാര്‍ച്ച് നാളെ വൈകീട്ട് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കും. തുടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തേന്‍ സംഭരണം നടത്തുന്നത്. ലോക്കല്‍ കമ്മിറ്റി അംഗം ആര്‍എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് തേന്‍സംഭരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കടയ്ക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളവെടുപ്പ് ഉല്‍സവത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, ചലച്ചിത്ര സംവിധായകന്‍ വിനയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ലതാദേവി പങ്കെടുക്കും. സാം കെ ഡാനിയേല്‍, ജെസി അനില്‍, എസ് ബുഹാരി, പി പ്രതാപന്‍, ആര്‍ സുകുമാരന്‍നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top