തേഞ്ഞിപ്പലം പഞ്ചായത്തില്‍ ഭിന്നശേഷി ഗ്രാമസഭ പ്രഹസനമായെന്ന്‌

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വിളിച്ച്കൂട്ടിയ ഭിന്നശേഷി ഗ്രാമസഭ പ്രഹസനമായെന്ന് പരാതി. വെള്ളിയാഴ്ച്ച 11 മണിക്കായിരുന്നു പാണമ്പ്ര കമ്യുണിറ്റി ഹാളില്‍ഗ്രാമസഭ വിളിച്ച് ചേര്‍ത്തിരുന്നത്. ഉച്ചഭാഷിണിപോലും ഇല്ലാത്തതിനാല്‍ ആളുകള്‍ ബഹളംവച്ചപ്പോഴാണ് ഉച്ചഭാഷിണി എത്തിച്ചത്. 11.45ഓടെ തുടക്കം കുറിച്ചെങ്കിലും മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പിരിയുകയും ചെയ്തു. തങ്ങളുടെ പലപ്രശ്‌നങ്ങളും ഉന്നയിക്കാനെത്തിയ 100 ലേറെ ഭിന്നശേഷിക്കാരെ നിരാശരാക്കിയാണ് മടക്കിയത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുകയോ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിനല്‍കുകയോ ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.
സെക്രട്ടറി, ഐസിഡിഎസ് ഓഫീസര്‍ എന്നിവരുടെ സംസാര ശേഷം ചര്‍ച്ചയിലേക്ക് കടന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഫണ്ടില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മിനുട്ട്‌സില്‍ എഴുതിയ ആവശ്യങ്ങളില്‍ മറ്റെന്തെങ്കിലും പ്രാവര്‍ത്തികമാക്കിയോ എന്ന എന്നചോദ്യങ്ങള്‍ക്ക്  വ്യക്തമായ മറുപടിയുണ്ടായില്ല. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഭിന്നശേഷി ഗ്രാമസഭ കൂടി കുറെ ആവശ്യങ്ങള്‍ മിനുട്‌സില്‍ എഴുതിവച്ചു എന്നെല്ലാതെ ഒന്നുപോലും ഒരു വര്‍ഷമായിട്ടും നടപ്പായിട്ടില്ല.
പരസഹായമില്ലാതെ എണീക്കാന്‍പോലുമാകാത്ത ഇത്തരക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം എന്ന നിലയിലാണ് പണവും സമയവും ചിലവഴിച്ച് ഗ്രാമസഭയിലെത്തിയത്.  ഗ്രാമസഭക്കെത്തിയ ഭിന്നശേഷിക്കാരെ കൊണ്ട് കമ്മ്യൂണിറ്റി ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
തേഞ്ഞിപ്പലത്ത് 600ലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ്കണക്ക്. പലപഞ്ചായത്തുകളിലും ഭക്ഷണകിറ്റ് അടക്കമുള്ള പലപദ്ധതികളും നടപ്പിലാക്കുമ്പോഴും തേഞ്ഞിപ്പലത്ത് ഇവരുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. വീടിനുള്ളില്‍ വീ ല്‍ചെയര്‍ പോകുന്ന രീതിയില്‍ ഒരു ബാത്‌റൂം, ഒരു വീല്‍ചെയര്‍ പോകുന്ന വീതിയിലെങ്കിലും സഞ്ചാരയോഗ്യമായ വഴി ഉണ്ടാക്കുക, വീടില്ലാത്തവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും റാംപ് സൗകര്യം ഏര്‍പ്പെടുത്തുക, പര സഹായം ആവശ്യമുള്ള എല്ലാ ഭിന്നശേഷിക്കാരെയും ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മോട്ടോര്‍വീല്‍ചെയര്‍ ,സാദാ വീല്‍ചെയര്‍, കോക്ലിയര്‍ ഇംപാക്ട്, കാലിബര്‍, വാക്കിങ് സിറ്റിക്കുകള്‍ എന്നിവ പോലെയുള്ള ഉപകരണങ്ങള്‍ പഞ്ചായത്തിന്റെ കീഴില്‍ മെഡിക്കല്‍ ക്യാംപ് വെച്ച് നല്‍കുക, ഫിസിയോ തെറാപ്പിയും ഒക്കിപേഷന്‍ തെറാപ്പിയും അടക്കമുള്ള റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

RELATED STORIES

Share it
Top