തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്തിന് നികുതിപിരിവില്‍ നൂറുമേനി

തേഞ്ഞിപ്പലം: ഗ്രാമ പഞ്ചായത്തില്‍ യാതൊരു നിയമ നടപടികളും കൂടാതെ കെട്ടിട നികുതി പിരിവ് 100 ശതമാനത്തില്‍ എത്തി. 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് പഞ്ചായത്ത് അവസാനമായി നികുതി പിരിവ് 100% ലക്ഷ്യത്തില്‍  എത്തിയിരുന്നത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ നികുതി കുടിശ്ശിക തുക 600841 രൂപയും, 2017-18 വര്‍ഷത്ത കെട്ടിട നികുതി തുക 4638406 രൂപയും ചേര്‍ന്ന ആകെ 5239247രുപയാണ് മാര്‍ച്ച് 31ന് ജപ്തി പ്രോസിക്യൂഷന്‍ നടപടികള്‍ ഇല്ലാതെ തന്നെ പൂര്‍ണ്ണമായി പിരിച്ചെടുക്കുവാന്‍ സാധിച്ചത്. ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സമയബന്ധിതമായ കൂട്ടായ പ്രവര്‍ത്തനവും നികുതി ദായകരുടെ ഊഷ്മളമായ സഹകരണവുമാണ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിനെ നികുതി പിരിവിന്റെ തിളക്കത്തില്‍ എത്തിച്ചത്.
2017-18 വര്‍ഷത്തെ പദ്ധതി ചെലവ് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ സ്ഥലം മാറ്റം മൂലവും, കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ട തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥിരമായ ഒരു സാങ്കേതിക നിര്‍വ്വഹണ ഉ—ദ്യോഗസ്ഥന്റെ സേവന മേല്‍നോട്ടം ലഭ്യമല്ലാത്ത അവസ്ഥയിലും 87.77 ശതമാനത്തില്‍  എത്തിയിട്ടുണ്ട്.
2018-19 വര്‍ഷത്തെ 147 പുതിയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകരം ലഭ്യമായിട്ടുണ്ടെന്നും വരും വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണവും, വിവിധ നികുതി പിരിവുകളും 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്ത് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ തോട്ടത്തില്‍, വൈസ് പ്രസിഡന്റ് വി സതി എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top