തേജസ് പത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു

കോഴിക്കോട്: ഒരു വ്യാഴവട്ടത്തിലേറെയായി അരികുവല്‍കൃത ജനത അവരുടെ പ്രതിരോധവും പ്രതീക്ഷയുമായി നെേഞ്ചറ്റിവളര്‍ത്തിയ തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നു. വാര്‍ത്തകളോടുള്ള സമീപനത്തിലും വാര്‍ത്താ അവതരണത്തിലും ചുരുങ്ങിയ കാലംകൊണ്ട് സവിശേഷമായൊരു ഇടം കണ്ടെത്താന്‍ കഴിഞ്ഞ തേജസിനു മേല്‍ പത്രമാരണ നിയമം അടിച്ചേല്‍പ്പിച്ചും പരസ്യം നിഷേധിച്ചും കഴുത്തു ഞെരിച്ചു കൊല്ലുന്ന സമീപനമാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നത്.
പരസ്യനിഷേധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാനാവാതെ വന്നതോടെയാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരിക്കുന്നതെന്ന് പ്രസാധകരായ ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ മുഹമ്മദ് ഫായിസ്, എഡിറ്റര്‍ കെ എച്ച് നാസര്‍, ഡയറക്ടര്‍ എം ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2008 ഡിസംബര്‍ 31ന് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് ജീവനക്കാരെ കാര്യം ധരിപ്പിച്ചിരുന്നു.രാജ്യത്ത് മറ്റൊരു പത്രത്തിനും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത നീതിനിഷേധവും വിവേചനവുമാണ് തേജസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ഏകപക്ഷീയ കടന്നാക്രമണങ്ങള്‍ക്ക് ഇരയായ തേജസ്, കഴിഞ്ഞ എട്ടു വര്‍ഷമായി നിലനില്‍പ്പിനായി പൊരുതുകയായിരുന്നു.
വായന സാമൂഹിക ഇടപെടലിനുള്ള ശക്തമായ മാധ്യമമാണെന്ന് മലയാളികളെ തേജസ് നിരന്തരം ബോധ്യപ്പെടുത്തി. ദലിത്, മുസ്‌ലിം, ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് ആവിഷ്‌കാരം നല്‍കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്ന തേജസ്, ചുരുങ്ങിയ കാലംകൊണ്ടാണ് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയത്. നീതിനിഷേധങ്ങളില്‍ ഇരകളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയും മനുഷ്യാവകാശ നിഷേധങ്ങളെ തുറന്നുകാട്ടിയും തേജസ് എന്നും ജനപക്ഷത്തായിരുന്നു. സാമ്രാജ്യത്വ-സയണിസ്റ്റ് ക്രൂരതകളെയും വര്‍ഗീയ ഫാഷിസ്റ്റുകളുടെ അക്രമോല്‍സുക ഹിന്ദുത്വത്തെയും നഖശിഖാന്തം എതിര്‍ത്ത തേജസ്, ഭരണകൂട ഭീകരതയില്‍ ഇരകള്‍ക്കൊപ്പം നിന്ന് നിര്‍ഭയം വാര്‍ത്തകള്‍ നല്‍കി. ജനവിരുദ്ധ നയങ്ങളെ പ്രലോഭനങ്ങളില്‍ കുടുങ്ങാതെ സധൈര്യം എതിര്‍ത്തു. ജനകീയസമരങ്ങളുടെ വാര്‍ത്തകള്‍ക്ക് പ്രാധാന്യപൂര്‍വം ഇടം നല്‍കി. അധഃസ്ഥിത, മര്‍ദിത ഭൂരിപക്ഷത്തിന്റെ തീതുപ്പുന്ന നാവായിരുന്നു തേജസ്. മുസ്‌ലിംകളെ തീവ്രവാദ, ഭീകരവാദ മുദ്ര ചാര്‍ത്തി ഇസ്‌ലാംഭീതി പരത്താനുള്ള നീക്കങ്ങളെ തുറന്നുകാട്ടി. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അടിപ്പെട്ട അധികാരിവര്‍ഗത്തിനും ഭരണകൂടങ്ങള്‍ക്കും തേജസിന്റെ പ്രയാണം അസ്വസ്ഥതകള്‍ സൃഷ്ടിച്ചത് സ്വാഭാവികമാണ്. രാഷ്ട്രീയ-ഭരണ നേതൃത്വവും ഭരണകൂടത്തിലെ നിഗൂഢശക്തികളും ചേര്‍ന്ന് തേജസിന്റെ ചിറകരിയാന്‍ നീക്കങ്ങള്‍ നടത്തിയത് അതുകൊണ്ടാണ്. എന്നാല്‍, നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ സുധീരമായിരുന്നു തേജസിന്റെ പാത.
മാധ്യമലോകം പൊതുവെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ പരസ്യനിഷേധം അടക്കമുള്ള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ സമീപനം കടുത്ത സാമ്പത്തിക ബാധ്യതയാണ് തേജസിനു വരുത്തിവച്ചിട്ടുള്ളത്. ഇത് തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്. അതിനാലാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നത്.
തേജസ് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളോടൊപ്പം നിന്ന വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഇക്കാലമത്രയും ധീരമായി മുന്നോട്ടുപോവാനുള്ള കരുത്തു നല്‍കിയത്. എഴുത്തുകാര്‍ക്കും പരസ്യദാതാക്കള്‍ക്കും തേജസിനെ നെഞ്ചോട് ചേര്‍ത്തുവച്ച ജീവനക്കാര്‍ക്കും ഈ പത്രം നിലനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ അഭ്യുദയകാംക്ഷികള്‍ക്കും ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിച്ചു.

RELATED STORIES

Share it
Top