തേജസ് ദിനപത്രം അടച്ചുപൂട്ടല്‍ ഉപേക്ഷിക്കണം: കെയുഡബ്ല്യുജെ

കോഴിക്കോട്: തേജസ് ദിനപത്രം അടച്ചുപൂട്ടുന്നു എന്ന മാനേജ്‌മെന്റിന്റെ പ്രഖ്യാപനം ഞെട്ടിക്കുന്നതാണെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍. തീരുമാനം മാനേജ്‌മെന്റ് പുനപ്പരിശോധിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
300ലധികം ജീവനക്കാരെ തൊഴില്‍രഹിതരാക്കുന്ന നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാരും തൊഴില്‍വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവും. സാമ്പത്തിക പ്രതിസന്ധിയിലായതാണ് അടച്ചുപൂട്ടലിനു കാരണമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
കേരളത്തിലെ ചെറുകിട പത്രങ്ങള്‍ക്കെല്ലാം സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കാമെന്നും ചെലവുചുരുക്കാനും സാമ്പത്തിക അച്ചടക്കത്തിനും പരമാവധി സഹകരിക്കാമെന്നും ജീവനക്കാര്‍ ഒന്നടങ്കം പറഞ്ഞിട്ടും അടച്ചുപൂട്ടല്‍ തീരുമാനം മാനേജ്‌മെന്റ്അറിയിക്കുകയാണുണ്ടായത്. സര്‍ക്കാരിന്റെ പരസ്യങ്ങള്‍ കിട്ടുന്നില്ല എന്നതാണ് അടച്ചുപൂട്ടലിനു കാരണമായി പറഞ്ഞിരിക്കുന്നത്.
തൊഴില്‍മന്ത്രിയുടെ തന്നെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ തൊഴില്‍ സ്ഥാപനം അടച്ചുപൂട്ടിയ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പരസ്യം നിഷേധിച്ച വിഷയം പുനപ്പരിശോധനയ്ക്കു വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്ഥാപനം അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് വിപുലമായ പൊതുകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ സെക്രട്ടറി വിപുല്‍നാഥ് പങ്കെടുത്തു.

RELATED STORIES

Share it
Top