തേജസിനൊപ്പം

അമീന്‍ ഹസ്സന്‍

'തേജസ്' എന്ന കേരള രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത മാധ്യമ ശബ്ദം അതിന്റെ പ്രവര്‍ത്തനരീതി മാറ്റുകയാണ് എന്നറിഞ്ഞു. ദിനപത്രം നിര്‍ത്തി, ദൈ്വവാരിക വാരികയാക്കി, ഇപ്പോ ള്‍ അധികം ശ്രദ്ധ നല്‍കാത്ത ഓണ്‍ലൈന്‍ രംഗത്ത് സജീവമാവാന്‍ തീരുമാനിച്ചു എന്നാണ് മനസ്സിലാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ്, അത് മാത്രമാണ് ആ ദിനപത്രം നിര്‍ത്താന്‍ മാനേജ്‌മെന്റിനെ നിര്‍ബന്ധിച്ചിട്ടുണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും കൊട്ടക്കണക്കിന് വിദേശ ഫണ്ട് കിട്ടുന്നുണ്ട് എന്നും അതില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് പോപുലര്‍ ഫ്രണ്ടിനാണ് എന്നുമൊക്കെ കേരളത്തില്‍ എല്ലാവരും ഉറപ്പിച്ചു വിശ്വസിക്കുന്ന 'വസ്തുതകള്‍' ആയിരിക്കെയാണ് സ്ഥാപനം പൂട്ടുന്നത്. (ഈ പൂട്ടുന്നത് പോലും തന്ത്രമാണ് എന്ന് വിശ്വസിക്കുന്നവരുണ്ടാവും).
'തേജസ്' ധീരതയുള്ള പത്രമായിരുന്നു. മാധ്യമ വിദ്യാര്‍ഥി എന്ന നിലയില്‍ അസൂയാവഹമായ തലക്കെട്ടുകള്‍ കണ്ട് അദ്ഭുതം കൂറിയിട്ടുണ്ട്. രാഷ്ട്രീയ കൂര്‍പ്പുള്ള വാര്‍ത്തകള്‍ കൊണ്ട് ഇതാണ് പത്രമെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളും വിയോജിപ്പുകളും തോന്നിയിട്ടുണ്ട്. വിമര്‍ശനം പറയേണ്ടുന്ന നേരമല്ല ഇത് എന്ന ബോധ്യമുണ്ട്. മുസ്‌ലിം മുന്‍കൈയിലുള്ള ഒരു സമൂഹിക പ്രസ്ഥാനമായിട്ടാണ് തേജസിനെ മനസ്സിലാക്കുന്നത്. അതിന് ഒരു കാല്‍ പിന്നോട്ടുവയ്‌ക്കേണ്ടിവരുന്നതില്‍ ആത്മാര്‍ഥമായും അതിയായ സങ്കടമുണ്ട്. നിശ്ചയമായും മുന്നോട്ടു കുതിക്കാനുള്ള തയ്യാറെടുപ്പ് മാത്രമായിരിക്കുമത് എന്ന പ്രതീക്ഷയുണ്ട്. അതിനായുള്ള പ്രാര്‍ഥനയുണ്ട്.

വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ-സംസ്ഥാനപ്രസിഡന്റ്)

അനുവാചകരില്‍ നിന്ന് മടക്കയാത്ര പറയുമ്പോള്‍ മാധ്യമരംഗത്ത് 'മൗണ്ടെയ്ന്‍ ഈഗിളായി' മാറിയ തേജസ് ഓര്‍മയാവുന്നത് അത്യധികം വേദനാജനകമാണ്. ആദിവാസികളുടെയും ദലിതരുടെയും മുസ്‌ലിംകളുടെയും മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായിരുന്നു തേജസ്. ഇന്ത്യയിലെ സവര്‍ണ ഫാഷിസ്റ്റുകളുടെ ഹിംസാത്മകതയെ പ്രതിരോധിക്കുന്നതില്‍ തേജസിന്റെ നിലപാടും ചങ്കൂറ്റവും വേറിട്ട വായനാനുഭവമാണ്. പ്രതിസന്ധികളില്‍ പതറാതെ വിമര്‍ശനങ്ങളെ ഭയക്കാതെ സാമ്രാജ്യത്വ സവര്‍ണ ബ്രാഹ്മണ്യ കോര്‍പറേറ്റ് മൂലധന ശക്തികളുടെ, ഭരണകൂടങ്ങളുടെ ജനാധിപത്യ ലംഘനങ്ങളുടെ നെറികേടുകള്‍ക്കെതിരേ നിരന്തരം നിര്‍ഭയം ഗര്‍ജ്ജിച്ചു. എനിക്ക് എഴുത്തു വഴങ്ങുമെന്ന് പ്രോല്‍സാഹിപ്പിച്ച ഉസ്മാനിക്കാക്കും തേജസിന്റെ പിറവിയില്‍ സഹചാരിയായി മാറിയ മുകുന്ദന്‍ സി മേനോനെയും നന്ദിയോടെ സ്മരിക്കുന്നു. അങ്ങനെയുള്ള തേജസിനെ ഇല്ലാതാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച അന്തകര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല.

പ്രഫ. ടി ബി വിജയകുമാര്‍ (മനുഷ്യാവകാശപ്രവര്‍ത്തകന്‍)

തേജസ് ദിനപത്രത്തെ ഞെക്കിക്കൊന്നതാണ്. ദലിത്, പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നുവെന്നതാണ് തേജസിന്റെ പ്രത്യേകത.

RELATED STORIES

Share it
Top