തേക്ക് മുറിച്ചു കടത്തിയ അഞ്ചംഗ സംഘത്തെ പിടികൂടി കോതമംഗലം: തേക്കുതടി മുറിച്ചു കടത്തിയ സംഘത്തെ വനപാലകര്‍ പിടികൂടി.

നേര്യമംഗലം കാഞ്ഞിരവേലി മല്ലപ്പിള്ളി സുരേഷ് ബാബു(40), കാഞ്ഞിരവേലി കമ്പിലൈന്‍ പറകുന്നേല്‍ പി റ്റി ജോര്‍ജ് (53), വാളറ കുളമാംകുഴി ട്രൈബല്‍ സെറ്റില്‍മെന്റില്‍ കുഞ്ഞ് എന്ന് വിളിക്കുന്ന രാജീവ് (36), നേര്യമംഗലം കാഞ്ഞിരവേലി കൊഴപ്പിള്ളി മണികണ്ഠന്‍ (33), നേര്യമംഗലം ആനിക്കാട് ബിജുമോന്‍ (40) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസര്‍ അരുണ്‍ കെ നായരുടെ നേതൃത്വത്തില്‍ ഇഞ്ചതൊട്ടി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഇന്‍ചാര്‍ജ് കെ എ റഹീം, സെക്ഷന്‍ ഫോറസ്റ്റര്‍ വി എസ് സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജിമ്മി ജോസ്, വി ആര്‍ അനില്‍, വി എം നിയാസ്, എ എസ് വിപിന്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
നേര്യമംഗലം റേഞ്ചിലെ ഇഞ്ചതൊട്ടി സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന 1952 തേക്ക് പ്ലാന്റേഷനില്‍ നിന്നും തേക്ക് മുറിച്ചുകടത്തി വില്‍പ്പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ടു വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. തടികടത്തുവാന്‍ ഉപയോഗിച്ച പിക്കപ്പ് മിനിലോറിയും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാന്റേഷനില്‍ നിന്നും വലിയ തേക്ക് മുറിച്ചെടുത്ത് പെരിയാറിലൂടെ ചങ്ങാടം വഴി കാഞ്ഞിരവേലിയില്‍ എത്തിക്കുകയായിരുന്നു.
കാഞ്ഞിരവേലിയില്‍ നിന്നും പിക്കറ്റ് മിനിലോറിയില്‍ കയറ്റി നെല്ലിമറ്റത്തുള്ള ഫര്‍ണീച്ചര്‍ കമ്പനിക്ക് കൈമാറിയെന്നാണ് വനപാലകര്‍ ഇവര്‍ക്കെതിരേ എടുത്തിട്ടുള്ള കേസ്.
ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്‍ നിന്നും പ്രതികള്‍ മുറിച്ചുകടത്തിയ തേക്കു തടിയും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ തേക്കിന് ഒരു ലക്ഷം രൂപ വില വരുമെന്ന് വനപാലകര്‍ അറിയിച്ചു. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top