തേക്കുംപറ്റ കോളനിവാസികള്‍ കുടിക്കുന്നത് മലിനജലംനൂല്‍പ്പുഴ: തേക്കുംപറ്റ നാലുസെന്റ് കോളനിവാസികള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നതു മലിനജലം. സമീപത്തെ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നുള്ള മാലിന്യമടക്കം കോളനിയിലെ കിണറുകളിലേക്കാണ് ഒഴുകിയിറങ്ങുന്നത്. പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു കോളനിക്കാര്‍ കുറ്റപ്പെടുത്തി. കല്ലൂര്‍ തേക്കുംപറ്റ കോളനിയിലെ 54 കുടുംബങ്ങളാണ് മലിനജലം കുടിക്കേണ്ട ഗതികേടില്‍ കഴിയുന്നത്. മൂന്നു കിണറുകള്‍ കോളനിയിലുണ്ടെങ്കിലും ജലത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ട്. കിണറിനടുത്തെത്തിയാല്‍ തന്നെ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടും. ഈ വെള്ളം പാത്രങ്ങളില്‍ ദിവസങ്ങളോളം എടുത്തുവച്ച് ഊറിയതിനു ശേഷമാണ് ഉപയോഗം. ഇതുപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണത്തിനു വരെ നിറവ്യത്യാസം കാണപ്പെടുന്നതായി കോളനിയിലെ സ്ത്രീകള്‍ പറയുന്നു. സമീപത്തെ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നുള്ള കക്കൂസ് മാലിന്യം വരെ ഈ കിണറുകളിലേക്കാണ് ഒഴുകിയിറങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. ഈ വെള്ളം തന്നെയാണ് കോളനിയിലെ അങ്കണവാടിയിലും ഉപയോഗിക്കുന്നത്. കോളനിയില്‍ ശുദ്ധജലം നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ജലനിധി പദ്ധതി ആംരംഭിക്കുന്നതിന്റെ ഭാഗമായി തുക പിരിച്ചെടുത്തുവെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ലെന്നു കോളനിവാസികള്‍ ആരോപിക്കുന്നു. മഴപെയ്താല്‍ കോളനിയിലെ വീടുകളും ഈ മലിനജലം കൊണ്ടു നിറയും. സമീപത്തെ നീര്‍ച്ചാലുകളിലൂടെയാണ് മലിനജലം വീടുകളിലേക്ക് എത്തുന്നത്. ജില്ലയില്‍ മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുള്ളപ്പോഴാണ് തേക്കുംപറ്റ കോളനിക്കാര്‍ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാവുന്നത്.

RELATED STORIES

Share it
Top