തേക്കടി തടാകത്തില്‍ കെടിഡിസിയുടെ 'ജലയാത്ര' ഇന്നുമുതല്‍

കുമളി: കെടിഡിസിയുടെ പുതിയ ബോട്ട് ഇന്നുമുതല്‍ തേക്കടി തടാകത്തില്‍  സര്‍വീസ് ആരംഭിക്കും. ജലയാത്ര എന്ന് നാമകരണം ചെയ്തിട്ടുള്ള ഒരേസമയം 120 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഇരട്ട ഹള്ളുള്ള ഇരുനില ബോട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്.
ടൂറിസം വകുപ്പിന്റെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ബോട്ടിന്റെ നിര്‍മാണം്. ആലപ്പുഴ അരൂരിലെ പ്രാഗാ മറൈന്‍ എന്‍ജിനീയേഴ്‌സില്‍ നിര്‍മിച്ച ബോട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് തേക്കടിയില്‍ എത്തിച്ചത്.  അരൂരില്‍ നിര്‍മിച്ച ബോട്ട് പല ഘടകങ്ങളായി തേക്കടിയില്‍ എത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.
എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നിലവില്‍ ഇത്തരത്തില്‍ തന്നെയുള്ള ജലരാജ എന്ന പേരിലുള്ള ബോട്ട് തേക്കടി തടാകത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. അപകടസാധ്യത കുറഞ്ഞതും ഏറെ ലാഭകരമായി സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് ഇരട്ട ഹള്ളുള്ള ബോട്ട് വാങ്ങാന്‍ കെടിഡിസിയെ പ്രേരിപ്പിച്ചത്.
മാത്രമല്ല ഇത്തരത്തിലുള്ള മറ്റൊരു ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തേക്കടിയില്‍ നടന്നുവരുകയുമാണ്. ഇന്ന് മൂന്നു മണിക്ക് തേക്കടി ബോട്ട്‌ലാന്റിംഗില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന വൈദ്യുതിമന്ത്രി എം എം മണി ബോട്ട് നീറ്റിലിറക്കും.
ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരിക്കും.
കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, മാനേജിങ് ഡയറക്ടര്‍ ആര്‍ രാഹുല്‍, പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാര്‍, കുമളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ചാക്കോ സംസാരിക്കും.

RELATED STORIES

Share it
Top