തെഹ്‌റാന്റെ രാഷ്ട്രീയാവസ്ഥകളിലൂടെ സഞ്ചരിച്ച് ടാക്‌സി

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ ശബ്ദം പ്രേക്ഷകര്‍ക്ക് അനുഭവേദ്യമാക്കിയ ടാക്‌സി ചലച്ചിത്രമേളയുടെ നാലാം ദിനത്തെ അവിസ്മരണീയമാക്കി. മേളയില്‍ പ്രേക്ഷകപ്രശംസ നേടിയ ഇറാനിയന്‍ ചിത്രങ്ങളായ ഇമ്മോര്‍ട്ടല്‍, നാഹിദ് എന്നിവയ്ക്കു ശേഷമാണ് പ്രമുഖ സംവിധായകനായ ജാഫര്‍ പനാഹിയുടെ ടാക്‌സി പ്രദര്‍ശിപ്പിച്ചത്. ഇറാനിലെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തുറന്നുപിടിച്ച കണ്ണാടിയാവുന്ന ചിത്രം സിനിമയെടുക്കുന്നതിനു വിലക്കേ ര്‍പ്പെടുത്തപ്പെട്ട പനാഹിയുടെ ധീരമായ അഭ്രാവിഷ്‌കാരമാണ്. ആധുനിക തെഹ്‌റാന്റെ ചിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട ടാക്‌സി പൂര്‍ണമായും കാറിന്റെ ഡാഷ്‌ബോര്‍ഡ് കാമറ ഉപയോഗിച്ചാണു ചിത്രീകരിച്ചത്.
ടാക്‌സിയില്‍ സഞ്ചരിക്കുന്ന യാത്രക്കാരിലൂടെ വര്‍ത്തമാനകാല ഇറാനിലെ രാഷ്ട്രീയ, മത, സാംസ്‌കാരിക സാഹചര്യങ്ങളെയും അടിച്ചമര്‍ത്തലുകളെയും വിഷയവല്‍ക്കരിക്കുന്ന ചിത്രം റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കുന്നതിലുള്ള ജാഫര്‍ പനാഹിയുടെ മെയ്‌വഴക്കത്തിന് അടിവരയിടുന്നതാണ്. ജാഫര്‍ പനാഹി തന്നെ ടാക്‌സി ഡ്രൈവറാവുന്ന ചിത്രത്തില്‍ കയറുന്ന യാത്രക്കാര്‍ വിവിധങ്ങളായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തെഹ്‌റാന്റെ ഒരു വാങ്മയ ചിത്രമായി മാറുകയാണത്. രാഷ്ട്രീയം, മതം, ശരീഅത്ത്, കുറ്റവും ശിക്ഷയും, വൂഡി അലന്‍, അകിരോ കുറസോവ തുടങ്ങി വൈവിധ്യപൂര്‍ണമായ വിഷയങ്ങളിലൂടെയാണ് ടാക്‌സി സഞ്ചരിക്കുന്നത്.
ചിത്രത്തിന്റെ അവസാനം പതിവു പനാഹി ചിത്രങ്ങളെപ്പോലെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന ടൈറ്റിലുകളില്ലെങ്കിലും ഇറാനിലെ നിയമങ്ങളനുസരിച്ച് തന്റെ ചിത്രവും 'വിതരണ യോഗ്യമല്ലെന്ന' ഹാസ്യരൂപേണയുള്ള വിമര്‍ശനത്തോടെയാണ് ചിത്രം പൂര്‍ണമാവുന്നത്. മല്‍സര വിഭാഗത്തി ല്‍ ഇന്നലെ ആദ്യപ്രദര്‍ശനം നടന്ന ദി ബ്ലാക്ക് ഹെന്‍, ജലാല്‍സ് സ്റ്റോറി എന്നിവയും പ്രേക്ഷകപ്രശംസ നേടി.

RELATED STORIES

Share it
Top