തെളിനീരൊഴുകി ജലസമൃദ്ധമായിരുന്നു ചാലിയാര്‍

കൃഷ്ണന്‍ എരഞ്ഞിക്കല്‍

ചാലിയാറിന്റെ പോഷകനദിയാണ് പുന്നപ്പുഴ. പശ്ചിമഘട്ടത്തില്‍നിന്ന് ഉല്‍ഭവിച്ച് ഗൂഡല്ലൂര്‍ മുക്കുത്തി മലകളുടെ ചരിവിലൂടെ ഒഴുകി നീലഗിരിയില്‍ ഒന്നിച്ച് പുന്നപ്പുഴയായി മാറുന്നു. പിന്നീട് അമരമ്പലത്തിലൂടെ ഒഴുകിയെത്തി എടക്കരയില്‍ വച്ച് മരുതപ്പുഴയായി പാലത്തിടുത്ത് കരിമ്പുഴയില്‍ സന്ധിക്കും. ഒരുകാലത്ത് തെളിനീരൊഴുകി ജലസമൃദ്ധമായിരുന്നു ചാലിയാര്‍. ചാലിയാറിന്റെ ജലസമൃദ്ധിയില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന് നോട്ടമുണ്ടായിരുന്നു.
കനത്ത മഴ ലഭിക്കുന്ന വനത്തിലൂടെ ഒഴുകുന്ന വെള്ളം പാഴായി പോവുകയാണന്നും അത് തമിഴ്‌നാടിന്റെ കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്പെടുത്തണമെന്നുമാണ് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ ആവശ്യം. ചാലിയാറിന്റെ ആരംഭത്തിലെ പാണ്ടിയാര്‍ പുന്നപ്പുഴ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും തമിഴ്‌നാട് സര്‍ക്കാറിനും നിവേദനങ്ങള്‍ സമര്‍പ്പിച്ച് സമ്മര്‍ദ്ദം തുടരുകയാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ജലം തമിഴ്‌നാടിനും വൈദ്യുതി കേരളത്തിനുമെന്ന വാഗ്ദാനമാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രതിവര്‍ഷം പതിനാല് ടിഎംസി ജലം തമിഴ്‌നാടിന് ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക. പാണ്ടിയാര്‍ പുന്നപ്പുഴ പദ്ധതിയില്‍നിന്ന് ഭവാനിപ്പുഴയിലേക്ക് വെള്ളം എത്തിച്ച് ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പരിഹാരമാര്‍ഗമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ചാലിയാറിന്റെ ഉത്ഭവകേന്ദ്രമായ നീലഗിരിയിലെ ചേരമ്പാടി ഇളംമ്പാരി കുന്നില്‍ അണക്കെട്ട് നിര്‍മിച്ചുകൊണ്ട് പാണ്ടിയാര്‍ പുന്നപ്പുഴ പദ്ധതി ആരംഭിക്കാന്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും നിലമ്പൂരിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍, തമിഴ്‌നാട് നേരിടുന്ന ജല പ്രതിസന്ധിക്ക് ചാലിയാറിലെ ജലം പ്രയോജനപ്പെടുത്താമെന്ന നിലപാട് തുടരാനും സമ്മര്‍ദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കരിക്കാനും ഒരുങ്ങി കൊണ്ടിരിക്കയാണ്.
അനുകൂല സാഹചര്യം ഒത്തുവന്നാല്‍ ചാലിയാറിലേക്കുള്ള ജലപ്രവാഹത്തെ തടഞ്ഞുനിര്‍ത്തി പദ്ധതി പൂര്‍ത്തികരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പാണ്ടിയാര്‍ - പുന്നപുഴ പദ്ധതി തമിഴ്‌നാട് ആരംഭിച്ചു കഴിഞ്ഞാല്‍ നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, ഊര്‍ങ്ങാട്ടിരി, കിഴുപറമ്പ്, വാഴക്കാട്, മാവൂര്‍, ബേപ്പൂര്‍ വരെയുള്ള കിലോമീറ്റര്‍ പുഴ മണല്‍ കുഴികളായി അവശേഷിക്കും. ചാലിയാറിലെ വലിയ ജലസംഭരണിയായ കവണ കല്ല് റഗുലേറ്ററില്‍ ജലം സംഭരിച്ചുവയ്ക്കാനാവാത്ത സ്ഥിതിവിശേഷമുണ്ടാവും. ഇതോടെ എട്ടോളം പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലാവും.
മഞ്ചേരി മുനിസിപ്പാലിറ്റി, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ്, കാലിക്കറ്റ് എയര്‍പോര്‍ട്ട്, ചീക്കോട് കുടിവെള്ള പദ്ധതി, കിഴുപറമ്പ്,  ഊര്‍ങ്ങാട്ടിരി ജലനിധി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചാലിയാറിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കവണകല്ല് റഗുലേറ്ററില്‍ ജലസംഭരണമുള്ളതുകൊണ്ടാണ് സമീപ പഞ്ചായത്തുകളിലെ കിണറുകളില്‍ ജലസാന്നിധ്യം നിലനില്‍ക്കുന്നത്. തമിഴ്‌നാട് പാണ്ടിയാര്‍ - പുന്നപ്പുഴ പദ്ധതി വരുന്നതോടെ ചാലിയാറിലെ നീരൊഴുക്ക് ഓര്‍മയായി അവശേഷിക്കും.

RELATED STORIES

Share it
Top