തെളിഞ്ഞ നിരീക്ഷണവും ഉള്‍ക്കാഴ്ചയുമാണ് ഐഎഎസിലേക്കുള്ള ചവിട്ടുപടി: കോണ്‍സല്‍ ജനറല്‍

[caption id="attachment_304409" align="aligncenter" width="560"] ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിവരുന്ന സിവില്‍ സര്‍വീസ് പഠന-പരിശീലന കളരിയുടെ രണ്ടാംഘട്ടം കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയഖ് ഉദ്ഘാടനം ചെയ്യുന്നു. [/caption]

ജിദ്ദ: പഠനകാലത്ത് ലഭിക്കുന്ന മാര്‍ക്കിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അറിവിനോടൊപ്പം തെളിഞ്ഞ നിരീക്ഷണവും ഉള്‍ക്കാഴ്ചയുമാണ് സിവില്‍ സര്‍വീസിലേക്കുള്ള മാര്‍ഗമെന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയഖ്. ജിദ്ദയിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് മേഖലയെ കുറിച്ച് അവബോധം പകരുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിവരുന്ന പഠനകളരിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക് പരീക്ഷകളിലെ മാര്‍ക്കും ഉന്നത മല്‍സര പരീക്ഷകളിലെ വിജയവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പത്താം ക്ലാസില്‍ പരാജയപ്പെട്ട് പിന്നീട് വിജയിച്ച നിരവധി പേര്‍ സിവില്‍ സര്‍വീസിന്റെ ഉന്നതങ്ങള്‍ കീഴടക്കിയിട്ടുണ്ട്. പഠനകാലത്ത് ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു താന്‍. സൈന്യത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. നാഷനല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയില്‍ വിജയിച്ചത് സംസ്ഥാനതലത്തില്‍ വാര്‍ത്തയായിരുന്നു. വിവിധ മല്‍സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു.
സിവില്‍ സര്‍വീസ് പഠനം എന്നത് തുടര്‍പ്രക്രിയയാണ്. സ്്കൂള്‍ തലം മുതല്‍ ഇതിനുള്ള ശ്രമങ്ങളും അവബോധവും ഉണ്ടാവേണ്ടതുണ്ട്.
സിവില്‍ സര്‍വീസിലെത്താന്‍ പാഠപുസ്തകങ്ങള്‍ക്ക് പുറത്തുള്ള അറിവുകള്‍ സ്വായത്തമാക്കണം. ഓണ്‍ലൈന്‍ ആനുകാലികങ്ങള്‍ വായിക്കുകയും പ്രഗല്‍ഭരായ വ്യക്തികളെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരുകയും ചെയ്യാം. വാര്‍ത്തകള്‍ സൂക്ഷ്മമായി മനസിലാക്കുകയും ലോകകാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതോടൊപ്പം സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിക്കുന്നത് സിവില്‍ സര്‍വീസിനോടുള്ള അഭിവാഞ്ച വര്‍ധിപ്പിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സിവില്‍ സര്‍വീസ് പരിശീലന രംഗത്തെ കേരളത്തിലെ പ്രഗല്‍ഭരായ ആഷിഫ് കെ പി, അബുസാലി എന്നിവരാണ് ദ്വിദിന പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റീജ്യനല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ, സാമൂഹിക സേവന രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തികളെ മെമെന്റോ നല്‍കി ആദരിച്ചു. അല്‍ ഫദല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ്, ഐപിഡബ്യുഎഫ് സെക്രട്ടറി ഖമര്‍ സആദ, ഇന്ത്യ ഫോറം സെക്രട്ടറി അയ്യൂബ് ഹക്കീം, സോഷ്യല്‍ ഫോറം ജിദ്ദ റിസോഴ്‌സ് പേഴ്‌സനും സിവില്‍ സര്‍വീസ് പരിശീലന പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററുമായ അബ്ദുല്‍ ഗനി എന്നിവര്‍ മെമെന്റോ ഏറ്റുവാങ്ങി.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍, സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് ഇ എം അബ്ദുല്ല, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷരീഫ് പി ടി, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് അലി മുള്ളൂര്‍ സംബന്ധിച്ചു.RELATED STORIES

Share it
Top