തെലങ്കാന: സ്ത്രീയുടെ നെഞ്ചത്തു തൊഴിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

ഹൈദരാബാദ്: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടു വീട്ടമ്മയുടെ നെഞ്ചില്‍ തൊഴിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ പ്രതിനിധിയും ധര്‍പ്പള്ളി മാണ്ഡല്‍ പരിഷത്ത് പ്രസിഡന്റുമായ ഇമ്മടി ഗോപിയാണ് അറസ്റ്റിലായത്. തെലങ്കാന നിസാമാബാദ് ജില്ലയില്‍ ഞായറാഴ്ചയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.
ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന വീട്ടമ്മയ്ക്കാണു ചവിട്ടേറ്റ്. 10 മാസം മുമ്പ് വാങ്ങിയ ഭൂമിയുടെ പേരില്‍ രാജവ്വയും ഗോപിയും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. 33.72 ലക്ഷത്തിന് 1125 ചതുരശ്ര അടി സ്ഥലവും വീടുമാണ് ഗോപിയില്‍ നിന്ന് രാജവ്വ വാങ്ങിയത്. പണം കൈമാറിയിട്ടും രാജവ്വയ്ക്ക് ഗോപി സ്ഥലം കൈമാറിയില്ല.
മാര്‍ക്കറ്റ് വില കുതിച്ചുയര്‍ന്നെന്നും അതിനാല്‍ ഇനിയും 60 ലക്ഷം രൂപ കൂടി വേണമെന്നുമായിരുന്നു ഗോപിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജവ്വ ഇന്‍ടാല്‍വായ് പോലിസിനെ സമീപിച്ചിരുന്നു. ഞായറാഴ്ച ഗോപിയുടെ വീടിനു മുന്നില്‍ രാജവ്വ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറി. തുടര്‍ന്ന് രാജവ്വ ചെരുപ്പൂരി അടിച്ചു. ഇതോ ടെ ഗോപി രാജവ്വയുടെ നെഞ്ചത്ത്  ചവിട്ടുകയായിരുന്നു.

RELATED STORIES

Share it
Top