തെലങ്കാന മന്ത്രിസഭാ യോഗം അവസാനിച്ചു; സഭ പിരിച്ചുവിടുന്ന കാര്യത്തില്‍ പ്രഖ്യാപനമില്ല

ഹൈദരാബാദ്: കാലാവധി പൂര്‍ത്തിയാക്കാതെ തെലങ്കാനാ നിയമസഭ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിെട ഇതു സംബന്ധിച്ച പ്രഖ്യാപനമില്ലാതെ മന്ത്രിസഭാ യോഗം അവസാനിച്ചു. എന്നാല്‍ ജനപ്രിയങ്ങളായ നിരവധി തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ എടുത്തിട്ടുണ്ട്. യോഗത്തിനു ശേഷം നടന്ന പടുകൂറ്റന്‍ റാലിയിലും പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
നിയമസഭ പിരിച്ചുവിടുമെന്നു ചില മാധ്യമങ്ങള്‍ പറയുന്നുണ്ട്. തെലങ്കാനയുടെ ഭാവി സംബന്ധിച്ച് കൃത്യമായ തീരുമാനമെടുക്കാന്‍ ടിആര്‍എസ് അംഗങ്ങള്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഞാനെന്തു തീരുമാനമെടുത്താലും നിങ്ങളെ അറിയിക്കുമെന്നായിരുന്നു മന്ത്രിസഭ പിരിച്ചുവിടുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു റാലിയില്‍ പറഞ്ഞത്. അതിനിടെ മന്ത്രിസഭ പിരിച്ചുവിടുമെന്ന അഭ്യൂഹം ശക്തമാക്കി മന്ത്രിസഭ യോഗത്തിനു പിന്നാലെ പുതിയ സര്‍ക്കുലര്‍ പുറത്തുവന്നു. മന്ത്രിസഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ സപ്തംബര്‍ നാലിനകം എത്തിക്കണമെന്നു വകുപ്പുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയാണ് സര്‍ക്കുലര്‍ നല്‍കിയത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചുവെന്നായിരുന്നു റിപോര്‍ട്ടുകള്‍. രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണു യോഗം സംഘടിപ്പിച്ചിരുന്നത്. പാര്‍ട്ടി നേതാവില്‍ നിന്നു സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നു മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ ടി രാമറാവു കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

RELATED STORIES

Share it
Top