തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇതോടെ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. ഐകകണ്‌ഠ്യേനയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം സര്‍ക്കാര്‍ പാസാക്കിയത്.
നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനെ അറിയിച്ചു. ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കി.
അഞ്ചു ദിവസത്തിനിടെ രണ്ടാംതവണയും യോഗം ചേര്‍ന്നാണ് നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. 2019 മേയ് വരെ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനു കാലാവധിയുണ്ട്. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, കാലാവധിക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ഈ അനുകൂല സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി നേരത്തേ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭയ്‌ക്കൊപ്പം നടത്തിയാല്‍, ബിജെപിക്കെതിരേ ഉയരുന്ന ജനവികാരം സഖ്യകക്ഷിയായ തങ്ങളെയും ബാധിച്ചേക്കുമെന്നും ടിആര്‍എസ് ഭയക്കുന്നു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാതെ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രതിപക്ഷ ഐക്യം ഭയന്നാണെന്ന് കോണ്‍ഗ്രസ് വക്താവ് ശ്രാവണ്‍ ദസോജു ആരോപിച്ചു.
സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ആര്‍ക്കു വോട്ട് ചെയ്യണമെന്നും ആരെ അധികാരത്തിലെത്തിക്കണമെന്നും ജനങ്ങള്‍ തീരുമാനമെടുത്തുകഴിഞ്ഞു. അതിനാല്‍ തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിനു പ്രശ്‌നമില്ലെന്ന് ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു.

RELATED STORIES

Share it
Top