തെലങ്കാന നിയമസഭാ സംയുക്ത സമ്മേളനം പ്രക്ഷുബ്ദമായി

ഹൈദരാബാദ്: ബജറ്റ് സമ്മേളനം ആരംഭിച്ചതിനു തൊട്ടുപിന്നാലെ തെലങ്കാന നിയമസഭയുടേയും കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം പ്രക്ഷുബ്ദമായി. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ നയപ്രസംഗം ആരംഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടങ്ങി.
കോണ്‍ഗ്രസ് എംഎല്‍എമാരും എംഎല്‍സിമാരും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങുകയും നരസിംഹനെതിരേ പ്രതിഷേധം മുഴക്കുകയും ചെയ്തു. ഗവര്‍ണറുടെ പ്രസംഗത്തിന്റെ കോപ്പി കീറിയെറിയുകയും ചെയ്തു. ബഹളം തുടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എ കോമാത്തി റെഡ്ഡി വെങ്കിട്ട് എടുത്തെറിഞ്ഞ ഹെഡ്‌ഫോണ്‍ കണ്ണില്‍തട്ടി ടിആര്‍എസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സ്വാമി ഗൗഡിന് പരിക്കേറ്റു. പിന്നാലെ സഭ പിരിയുകയും ഇദ്ദേഹത്തെ സരോജിനി ദേവി കണ്ണാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയില്‍ കോര്‍ണിയക്ക് കേട്പാട് സംഭവിച്ചതായും ചൊവ്വാഴ്ചവരെ നിരീക്ഷണത്തില്‍ കഴിയാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കര്‍ഷക ആത്മഹത്യയിലും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയിലും സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്‌ക്കെതിരേയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.

RELATED STORIES

Share it
Top