തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവില്ല: സിപിഎം

ന്യൂഡല്‍ഹി: തെലങ്കാനാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവേണ്ടതില്ലെന്നു സിപിഎം തീരുമാനം. പകരം സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് ഇടതുസഖ്യം രൂപീകരിക്കണമെന്ന തെലങ്കാനാ പാര്‍ട്ടി ഘടകത്തിന്റെ നിര്‍ദേശത്തിന് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം അംഗീകാരം നല്‍കി.
സിപിഐ നേരത്തെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായതിനാല്‍ അവിടെ രണ്ടു പാര്‍ട്ടികളും രണ്ടായാണു മല്‍സരിക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ശക്തിയുള്ളിടത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും മറ്റിടങ്ങളില്‍ ബിജെപിയുടെ മുഖ്യ എതിരാളിക്കു പിന്തുണ നല്‍കാനും തീരുമാനിച്ചു.
ആധാര്‍ സംബന്ധിച്ച സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയെ സ്വാഗതംചെയ്തു.
പ്രളയദുരന്തത്തിനിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം 10 കോടി സമാഹരിച്ചു നല്‍കി. പ്രളയസമയത്ത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരന്തം നേരിട്ട നടപടിയെയും പി ബി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനാവശ്യമായി കേരളം ആവശ്യപ്പെട്ട 5000 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്നും പി .ബി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റഫേല്‍ ഇടപാട് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു.
പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ മാറ്റി റിലയന്‍സിനെ കരാര്‍ ഏല്‍പ്പിച്ചതിനു പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നു വ്യക്തമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top