തെരുവ് വിളക്കുകള്‍ മിഴിയടച്ചു; സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

മൂവാറ്റുപുഴ: നഗരത്തിലെ തെരുവ് വിളക്കുകള്‍ മിഴിയടച്ചു. സന്ധ്യമയങ്ങിയാല്‍ നഗരം ഇരുട്ടില്‍. കച്ചേരിപ്പടി മുതല്‍ ആശ്രമം ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ തെളിഞ്ഞിട്ട് നാളുകള്‍ ഏറെയായി.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപണികള്‍ നടത്തിയ വിളക്കുകളുള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഇതുമൂലം രാത്രിയിലെ യാത്ര ഏറെ ദുരിതം സമ്മാനിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കാണ് ദുരിതം ഏറെയും. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. ഇതിനു പുറമെ പുഴയിലേയ്ക്കും മറ്റും മാലിന്യം തള്ളുന്നവര്‍ക്കും വെളിച്ചമില്ലായ്മ ഗുണകരമായിരിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഹൈമാക്‌സ് ലൈറ്റുകളും തെളിയുന്നില്ല. രാത്രി ഒമ്പതു കഴിഞ്ഞാല്‍ നഗരം പൂര്‍ണമായും ഇരുട്ടിലാവും. അതുവരെ വ്യാപാര സ്ഥാപനങ്ങലില്‍ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്ളതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
കച്ചേരിത്താഴം, ടിബി ജങ്ഷന്‍, കെഎസ്ആര്‍ടിസി ജങ്ഷന്‍, ആശ്രമം ബസ് സ്റ്റാന്റ്് പരിസരം എന്നിവിടങ്ങളിലാണ് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിരിക്കുന്നത്. മദ്യപിച്ച് ലക്കുക്കെട്ടെത്തുന്നവര്‍ ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകളെയും കുട്ടികളെയുമടക്കം അസഭ്യം പറയുന്നതു പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കച്ചേരിത്താഴത്ത് മദ്യപിച്ചെത്തിയ യുവാവ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇടപ്പെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ ബസ് സ്റ്റോപ്പില്‍ പോലും സ്ത്രീകളടങ്ങുന്ന യാത്രക്കാര്‍ക്കു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. നഗരത്തിലെ മൂന്നു പാലങ്ങളിലടക്കം നിലവില്‍ വിളക്കുകള്‍ പ്രകാശിക്കുന്നില്ല.
ചാലിക്കടവ് പാലത്തിനു സമീപം ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും രൂക്ഷമാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാലത്തിനു സമീപം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന യുവാക്കളെ പോലിസ് പിടികൂടിയിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. നഗരത്തിലെ വഴിവിളക്കുകള്‍ തെളിയിക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top