തെരുവ് നായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു

ഓയൂര്‍: തെരുവ് നായ്ക്കള്‍ ആടിനെ കടിച്ച് കൊന്നു.  രണ്ട് ആടുകള്‍ക്ക് ഗുരുതരമായി മുറിവേറ്റു.
കാരാളികോണം, മണിയംമുക്ക്, അഫ്‌സല്‍ മന്‍സിലില്‍ സലീമിന്റെ വീടിന് സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. ചത്ത ആടിന്റെ കഴുത്ത് വേര്‍പെട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് എത്തിയപ്പോഴേക്കും നായ്ക്കൂട്ടം കടന്നുകളഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വളവില്‍ പൊയ്കവിള ദാറുസ്സലാമില്‍ സജീവിന്റെ രണ്ട് ആടുകളെയും വളവില്‍ ബഷീറിന്റെ ആടുകളെയും പട്ടികള്‍ കടിച്ച് കൊന്നിരുന്നു. മൃഗസംരക്ഷണവകുപ്പ് ഡോക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ ആടുകള്‍ക്ക് ചികില്‍സ നല്‍കി. പ്രദേശത്ത് രാത്രികാലങ്ങളില്‍ തെരുവ് നായ്ക്കൂട്ടം വളര്‍ത്തുമൃഗങ്ങളെ  ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top