തെരുവു സംസ്‌കാരം പഠിക്കാത്ത മലയാളിയും പഠിച്ച പി ടി തോമസുംഎ എം ഷമീര്‍ അഹ്മദ്

ആര്‍ഷഭാരത സംസ്‌കാരം മുതല്‍ നാട്ടുഭാഷാ സംസ്‌കാരം വരെ പറയാനും പഠിപ്പിക്കാനും ഒരുമ്പെട്ടവരെകൊണ്ട് ബേജാറിലായ കാലത്താണ് നമ്മുടെ സ്വന്തം പി ടി തോമസ് പുതിയൊരു സാംസ്‌കാരിക ചര്‍ച്ചയ്ക്ക് സഭയില്‍ തുടക്കമിട്ടത്. തെരുവ് സംസ്‌കാരം എന്തെന്ന് അറിയാത്ത മലയാളി ആ സംസ്‌കാരം നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ് തോമസ് അച്ചായന്റെ ഒരിത്. സംസ്ഥാനത്ത്  റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന സ്വകാര്യ ബില്ലിന് അംഗീകാരം തേടിയുള്ള പ്രമേയം അവതരിപ്പിക്കവേയാണ് തെരുവ് സംസ്‌കാരമില്ലാത്ത മലയാളികളെ കുറിച്ച് പിടിയുടെ പരിഭവം. ഓരോ വര്‍ഷവും തെരുവില്‍ മരിക്കുന്നത് 4000ത്തോളം പേരാണെന്നും ഇതില്‍ 1400പേര്‍ കാല്‍നടയാത്രികരാണെന്നും പി ടി പറഞ്ഞു. അമിതവേഗത, നിരത്ത് കൈയേറിയുള്ള വഴിവാണിഭം, അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. തെരുവില്‍ പാലിക്കേണ്ട മര്യാദകള്‍ എല്ലാവരും പാലിക്കുന്ന ഒരു തെരുവ് സംസ്‌കാരം ഉണ്ടായാല്‍ അപകടങ്ങള്‍ താനേ കുറയുമെന്നാണ് ടിയാന്റെ ഒരിത്. ഇപ്പോഴുള്ള സംസ്‌കാരമൊക്കെ ശരിക്കൊന്ന് പ്രയോഗിച്ചാല്‍തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്ന് ഗതാഗതമന്ത്രിയുടെ മറുപടി. അതോടെ പി ടിയുടെ തെരുവ് സംസ്‌കാര ബില്ല് കുട്ടയിലേക്ക്. കാലികപ്രസക്തമായ വിഷയത്തെ ആസ്പദമാക്കിയുള്ള സ്വകാര്യ ബില്ലുമായിട്ടായിരുന്നു മലപ്പുറത്തുനിന്നുള്ള വക്കീല്‍ ഷംസുദ്ദീന്റെ വരവ്. ബ്രിട്ടിഷുകാരുടെ പ്രേതബാധയുള്ള ഇന്ത്യന്‍ ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതിവേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്രിമിനല്‍ ലാ അമെന്റ്‌മെന്റ് ബില്ല് 2017നുമേല്‍ പ്രമേയം കൊണ്ടുവന്നു. കേരളത്തിന്റെ സാമൂഹികാവസ്ഥയ്ക്കനുസരിച്ച് ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. അളവ് തൂക്കത്തിലെ ക്രമക്കേട്, മായം ചേര്‍ക്കല്‍, അമിതവേഗത മൂലമുള്ള അപകടങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് നിലവില്‍ സിആര്‍പിസിയില്‍ നല്‍കുന്ന ശിക്ഷ പരിഷ്‌കരിക്കണം. സിആര്‍പിസി മുഖേനെ ഒരു പോലിസ് ഓഫിസര്‍ക്കെതിരേ സര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കേണ്ടത് പോലിസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇത് നിയമം നടപ്പിലാക്കുന്നതില്‍ കാര്യക്ഷമതക്കുറവിന് ഇടയാക്കുന്നുണ്ട്. അതിനാല്‍ ഈ നടപ്പ് വ്യവസ്ഥിതി മാറ്റി അഡ്വ. കമ്മീഷനെ പോലുള്ളവര്‍ക്ക് ഇതിനുള്ള അധികാരം നല്‍കി നിയമപരിഷ്‌ക്കരണം നല്‍കണം. കേസിലുള്‍പ്പെട്ടൊരാള്‍ വിദേശത്താണെങ്കില്‍ വിചാരണവേളയില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് വരേണ്ടിവരുന്നു. ഇതിന് മാറ്റംവരണം. കുറ്റാരോപിതന്റെ അഭാവത്തില്‍തന്നെ വിചാരണ നടപടികള്‍ നടത്തിക്കൊണ്ടുപോവാന്‍ സാധിക്കണം.

RELATED STORIES

Share it
Top