തെരുവു നായ നിയന്ത്രണ പദ്ധതിക്ക് ഇന്നു തുടക്കംകോട്ടയം: ജില്ലയില്‍ തെരുവുനായ ഭീഷണി ഇല്ലാതാക്കുന്നതിന് ലക്ഷ്യമിടുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതിക്ക് വൈക്കം മുനിസിപ്പാലിറ്റിയില്‍ ഇന്ന് തുടക്കമാവും. പദ്ധതിയുടെ ഭാഗമായുളള തെരുവുനായ വന്ധ്യംകരണ കേന്ദ്രം  കുടുംബശ്രീ എബിസി മാനേജമെന്റ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നായ്ക്കളെ പിടികൂടുന്നതിനുളള ഉപകരണങ്ങള്‍, സൂക്ഷിക്കുന്നതിനുളള കൂടുകള്‍, മരുന്ന്, ഭക്ഷണം, ശസ്ത്രക്രിയ സൗകര്യങ്ങള്‍ എന്നിവ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമേ രണ്ട് വെറ്ററിനറി ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വന്ധ്യംകരണം നടത്തുക. യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് വെളുപ്പിന് മൂന്നോടെ നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളില്‍ എത്തിക്കും. വന്ധ്യംകരണത്തിനു ശേഷം മൂന്നു ദിവസം നായ്ക്കള്‍ക്കു ഭക്ഷണവും മരുന്നും നല്‍കി ഇവിടെ പാര്‍പ്പിക്കും. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയുന്നതിന് ചെവിയില്‍ അടയാളം ഇടും. തുടര്‍ന്ന് പിടികൂടിയ സ്ഥലത്ത് തന്നെ നായ്ക്കളെ തിരിച്ചെത്തിക്കും. വന്ധ്യംകരണം നടത്തുന്ന നായ ഒന്നിന് 1000 രൂപ ഓണറേറിയം യൂനിറ്റിനു ലഭിക്കും. വൈക്കം മുനിസിപ്പാലിറ്റി, മൃഗ സംരക്ഷണ വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്.

RELATED STORIES

Share it
Top