തെരുവുവിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡി വിളക്കുകളാക്കി മാറ്റുന്ന പദ്ധതി തുടങ്ങി

അടാട്ട്: വടക്കാഞ്ചേരി നിയോജകമണ്ഡലം സമ്പൂര്‍ണ്ണ ഊര്‍ജ്ജ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി തെരുവ് വിളക്കുകളാക്കി മാറ്റുന്ന പദ്ധതിയുടെ അടാട്ട് ഗ്രാമപഞ്ചായത്ത് തല ഉത്ഘാടനം അനില്‍ അക്കര എം.എല്‍.എ അടാട്ട് ഗ്രാമപഞ്ചായത്തിലെ ആമ്പലംകാവ് ഗ്രാമീണ വായനശാലാ ഹാളില്‍ നിര്‍വ്വഹിച്ചു.
നിയോജകമണ്ഡലത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിആക്കുന്ന പദ്ധതിയില്‍ നിലവില്‍ കോലഴി, അടാട്ട് ഗ്രാമപഞ്ചായത്തുകളും തൃശൂര്‍ മെഡിക്കല്‍ കോളജുമാണ് കരാര്‍ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുള്ളതെന്നും ഒപ്പ് വയ്ക്കാത്ത വടക്കാഞ്ചേരി നഗരസഭയും മറ്റ് പഞ്ചായത്തുകളും പദ്ധതി നടപ്പിലാക്കുവാന്‍ തയ്യാറാവുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
അടാട്ട് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള വിളക്കുകള്‍ എല്‍ഇഡിആക്കി മാറ്റുന്നതോടെ പ്രതിവര്‍ഷം കെഎസ്ഇബിയ്ക്ക് 33 ലക്ഷം യൂണിറ്റ് വൈദ്യുതിയും ഗ്രാമപഞ്ചായത്തിന് വൈദ്യുതി ചാര്‍ജ്ജിന്റെയും വിളക്കുകളുടെ റിപ്പയറിങ്ങിന്റെയും ഇനത്തില്‍ 27 ലക്ഷം രൂപയുടെ ലാഭവുമുണ്ടാകുമെന്നും എം.എല്‍.എ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇഇഎസ്എല്‍ ആണ് പദ്ധതിക്ക് ആവശ്യമായ എല്‍ഇഡി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കമ്പനിയുടെ തെരുവ് വിളക്കുകള്‍ നല്‍കുന്നത്. രാജ്യത്തും സംസ്ഥാനത്തും തെരുവ് വിളക്കുകളും വിളക്കുകളും പൂര്‍ണ്ണമായും ഫിലമന്റ് രഹിത വിളക്കുകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് വടക്കാഞ്ചേരി മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
വടക്കാഞ്ചേരി മണ്ഡലം 10 വര്‍ഷത്തിനകം ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളും തൃശൂര്‍ മെഡിക്കല്‍ കോളജും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി കുട്ടികളില്‍ ഊര്‍ജ്ജ സംരക്ഷണ ബോധം വളര്‍ത്തുന്നതിനായി മണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികളിലും അനര്‍ട്ടിന്റെ സഹായത്തോടെ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുന്നതിന് 1 കോടി രൂപ അനുവദിച്ചതായും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ലൈജു സി എടക്കളത്തൂര്‍,  സുമാഹരി, ടി. ജയലക്ഷ്മി ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം അജിത കൃഷ്ണന്‍, പ്രസാദ് മാത്യു,  പി.എ. കുര്യാക്കോസ്, ഡോളി പോള്‍,  ഷൈലജ ശ്രീനിവാസന്‍, സി.ആര്‍. രാധാകൃഷ്ണന്‍, കെ.പി. സുനില്‍ കുമാ4, ശോഭാ ജയദാസന്‍, ടി. ആര്‍. ജയചന്ദ്രന്‍, ടി.ഡി. വില്‍സണ്‍, വാസന്തി ദാമോദരന്‍, പി.ജെ. സണ്ണി, പി. രാജേശ്വരന്‍, മായാ മനോജ്, ലിന്‍സ് ഡേവിസ് പ്രസംഗിച്ചു.

RELATED STORIES

Share it
Top