തെരുവുയുദ്ധം ഒഴിവാക്കണം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ സമരം നിയമം കൈയിലെടുത്തു മുന്നോട്ടുപോവുകയാണ്. ഏതു സമയവും ഒരു പൊട്ടിത്തെറിയിലേക്ക് എത്താവുന്ന സംഘര്‍ഷാത്മകവും സ്‌ഫോടനാത്മകവുമായ സ്ഥിതിയാണ് ശബരിമല കേന്ദ്രീകരിച്ചു നിലനില്‍ക്കുന്നത്. പന്തളം കൊട്ടാരത്തിന്റെയും ശബരിമല തന്ത്രികുടുംബങ്ങളുടെയും നേതൃത്വത്തില്‍ നാമജപസമരമെന്ന ആത്മീയമുറയാണ് പ്രഖ്യാപിച്ചതെങ്കിലും.
ബസ്സുകളും മറ്റു വാഹനങ്ങളും വഴിയില്‍ തടഞ്ഞു പരിശോധിക്കുന്നത്, 50 വയസ്സില്‍ താഴെയുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ച് ബലം പ്രയോഗിച്ച് ഇറക്കിവിടുന്നത്, ദേശീയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പോലും വാഹനങ്ങള്‍ തടഞ്ഞ് അടിച്ചുതകര്‍ത്തത്, മല കയറാനെത്തിയ ആന്ധ്രയില്‍ നിന്നുള്ള ഭക്തകുടുംബത്തെ 45കാരി ഉള്‍പ്പെട്ടതുകൊണ്ട് വഴി തടഞ്ഞു മടക്കിവിട്ടത്, തമിഴ്‌നാട്ടുകാരിയായ ഭക്തയെ ഉപദ്രവിച്ച് ഭയപ്പെടുത്തി ഓടിച്ചത്- ഇതെല്ലാം അതിന്റെ തെളിവാണ്. ആര്‍എസ്എസ്-സംഘപരിവാരമാണ് ഇതിന്റെ ആസൂത്രകരെന്നും കൂടുതല്‍ വ്യക്തമായി.
ശബരിമലയില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ സുപ്രിംകോടതിവിധി ലംഘിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് സമരത്തിനു നേതൃത്വം കൊടുക്കുന്നവര്‍ നല്‍കുന്ന ന്യായീകരണം. എന്നാല്‍, സഞ്ചരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വന്തം വിശ്വാസം വച്ചുപുലര്‍ത്താനും ഭരണഘടന വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളും പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം പോലും സംഘടിച്ചും ബലം പ്രയോഗിച്ചും തകര്‍ക്കുകയാണ് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനവഴിയില്‍ 'വിശ്വാസി'കളുടെ പേരില്‍ ചെയ്തുകൂട്ടുന്നത്. സുപ്രിംകോടതിവിധിയില്‍ വിശ്വസിച്ച് തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വന്ന വിശ്വാസികളെ ബലം പ്രയോഗിച്ച് തിരിച്ചയച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി മാത്രമല്ല. സാക്ഷാല്‍ അയ്യപ്പനോടും വിശ്വാസത്തോടുമുള്ള അവഹേളനം കൂടിയാണ്.
സുപ്രിംകോടതിവിധി പാലിക്കാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന് സുപ്രിംകോടതിവിധി നടപ്പാക്കുകയല്ലാതെ പോംവഴിയില്ല. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ രാജകുടുംബാംഗങ്ങളും തന്ത്രികുടുംബാംഗങ്ങളും ആത്മാര്‍ഥത കാണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ചതും ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതും അതിന്റെ തെളിവ്.
സംസ്ഥാന ഗവണ്മെന്റ് റിവ്യൂ ഹരജി നല്‍കി വിധി തിരുത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി, കോണ്‍ഗ്രസ്-ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം നിലയില്‍ സുപ്രിംകോടതിയെ സമീപിച്ചില്ല. സമീപിക്കാന്‍ ഉദ്ദേശ്യവുമില്ല. ബിജെപി സ്വന്തം കേന്ദ്ര സര്‍ക്കാരിനോട് ശബരിമല ശാസ്താവിനു വേണ്ടി ആചാരം സംരക്ഷിക്കാന്‍ നിയമപരമായ ഇടപെടല്‍ നടത്തണമെന്നൊട്ടു പറയുന്നുമില്ല. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം സുപ്രിംകോടതി വിധിയെ എതിര്‍ക്കാനില്ല. തല്‍ക്കാലം കോണ്‍ഗ്രസ് പതാക കൈയൊഴിഞ്ഞ് പ്രതിഷേധക്കാരുടെ കൂടെ കൂടാനാണ് കെപിസിസി നേതൃത്വം പക്ഷേ ഇറങ്ങിപ്പുറപ്പെട്ടത്.
ഇതിനു പിന്നിലെ യഥാര്‍ഥ അജണ്ട വിശ്വാസവും ആചാരവും ഒന്നുമല്ല. അത്തരമൊരു മുഖംമൂടിയില്‍ തികഞ്ഞ ജനാധിപത്യവിരുദ്ധ രാഷ്ട്രീയ തെരുവുയുദ്ധം സംസ്ഥാന സര്‍ക്കാരിനെതിരേ തുടങ്ങണം എന്നതാണ്. ഈ വിഷയത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ ബിജെപിയുടെ അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം മറയില്ലാതെ അതു വെളിപ്പെടുത്തി.
24 മണിക്കൂറിനകം സ്ത്രീപ്രവേശന വിഷയം പരിഹരിക്കണമെന്നാണ് അദ്ദേഹം സംസ്ഥാന ഗവണ്മെന്റിനു മുന്നറിയിപ്പു നല്‍കിയത്. ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത, സമരം നയിക്കുന്ന പ്രതിനിധികളും യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കണമെന്ന് അന്ത്യശാസനം നല്‍കി. സുപ്രിംകോടതി തീരുമാനം സംസ്ഥാന-കേന്ദ്ര ഗവണ്മെന്റുകള്‍ ഒന്നിച്ച് ഇറങ്ങിയാലും 24 മണിക്കൂറിനകം മാറ്റിമറിക്കാന്‍ സാധ്യമല്ലെന്ന് അറിയാവുന്ന ഭരണഘടനാ വിദഗ്ധന്‍ കൂടിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്.
ബിജെപിയുടെ യഥാര്‍ഥ ലക്ഷ്യം അതിന്റെ അധ്യക്ഷന്‍ തന്നെ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അനുസരിച്ചില്ലെങ്കില്‍ ജനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഒലിച്ചുപോകുമെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ട്. ജനങ്ങളുടെ ആ മലവെള്ളപ്പാച്ചിലിനു തുടക്കം കുറിക്കാനാണ് നിലയ്ക്കലില്‍ ബിജെപി ഉള്‍പ്പെട്ട സംഘപരിവാരം കഠിനാധ്വാനം ചെയ്യുന്നതും.
മുള്ള് പോയി ഇലയില്‍ വീണാലുള്ള കേട് ഇലയ്ക്കു മാത്രമല്ല, കേരളത്തിനു മൊത്തമാണെന്ന തിരിച്ചറിവ് ബിജെപിയെയും കോണ്‍ഗ്രസ്സിനെയും പോലുള്ള പാര്‍ട്ടികളുടെ അമരത്ത് ഇരിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ടു. അത് ജനങ്ങളുടെ ദുര്യോഗം. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ശക്തി പരമാവധി സമാഹരിച്ചും സംഘപരിവാരം മുന്നോട്ടുപോകുമ്പോള്‍ സര്‍ക്കാരിന്റെ പ്രഥമ ബാധ്യതയായ ക്രമസമാധാനപാലനമാണ് ലക്ഷ്യമായി മാറിയിരിക്കുന്നത്. ഇതു തിരിച്ചറിയാതെ ബിജെപിക്ക് ഇന്ധനം പകരുകയാണ് കോണ്‍ഗ്രസ് സമരപ്പന്തല്‍ കെട്ടി കൂട്ടിരിപ്പു സമരത്തിലൂടെ ചെയ്യുന്നത്.
വിശ്വാസികളുടെ പേരില്‍ നടത്തുന്ന ഈ രാഷ്ട്രീയ സമരം നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ പോലിസ് സേനയ്ക്ക് കഴിയാത്ത സ്ഥിതി ഉണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിലയ്ക്കലിലെയും പമ്പയിലെയും മറ്റും സംഭവവികാസങ്ങള്‍ കാണിക്കുന്നത്. സുപ്രിംകോടതി വിധിയനുസരിച്ച് ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രദര്‍ശനം ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പരാജയപ്പെട്ടു.
പോലിസിന്റെ സംയമനം ബലഹീനതയായി കാണരുതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചുകാണുന്നത്. പോലിസ് സംയമനം വിട്ട് വിശ്വരൂപം കാണിക്കണമെന്നും ചോരപ്പുഴ ഒഴുക്കണമെന്നുമാണ് സര്‍ക്കാരിനെതിരേ സമരരംഗത്ത് ഇറങ്ങിയവരുടെ പ്രാര്‍ഥനയെന്ന് സിപിഎം സെക്രട്ടറി മനസ്സിലാക്കുന്നില്ല. വിശ്വാസികളും പോലിസ് സേനയും തമ്മിലുള്ള തെരുവു പോരാട്ടം കാണാന്‍ കോപ്പുകൂട്ടി നില്‍ക്കുന്നവര്‍ക്ക് അവസരം കൊടുക്കാതെ ഗവണ്‍മെന്റും ആഭ്യന്തര വിഭാഗവും മുന്നോട്ടുപോകേണ്ട സന്ദര്‍ഭമാണിത്.
ഈ സ്ഥിതിയില്‍ റിവ്യൂ ഹരജി കൊടുക്കില്ലെന്ന പ്രഖ്യാപനം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടിവരും. ഭരണഘടനാപരമായി സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെങ്കില്‍ അത്തരമൊരു വഴിയിലൂടെ നീങ്ങുക മാത്രമേ പോംവഴിയുള്ളൂ. ഒട്ടേറെ പുനഃപരിശോധനാ ഹരജികള്‍ സുപ്രിംകോടതിക്കു മുമ്പാകെ ഉണ്ടെന്നതു ശരി തന്നെ. പക്ഷേ, സര്‍ക്കാര്‍ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വിഷയം തെരുവില്‍ കത്തിക്കുന്ന നിലയിലേക്കു നീങ്ങുന്ന അപകടകരമായ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ സംസ്ഥാന ഗവണ്മെന്റിനു മറ്റാരെയും നോക്കാതെ അങ്ങനെ ചെയ്യേണ്ടിവരും.
അതിനര്‍ഥം, ലിംഗസമത്വം സംബന്ധിച്ചും അനാചാരത്തിനെതിരേയും ഇടതു പാര്‍ട്ടികള്‍ എടുത്തുപോന്ന നിലപാടുകള്‍ ഉപേക്ഷിക്കുകയെന്നല്ല. സുപ്രിംകോടതിയുടെ വ്യക്തമായ ഉറപ്പുള്ള നിലപാട് പുറത്തുവരാന്‍ ഒരിക്കല്‍ കൂടി ശ്രമം നടത്തുക എന്നതാണ്. ജനാധിപത്യവിരുദ്ധമായ ഒരു അട്ടിമറിക്ക് സര്‍ക്കാര്‍ നിന്നുകൊടുക്കാതെ, കാര്യം തുറന്നുപറഞ്ഞ് ഫ്യൂഡല്‍-വലതുപക്ഷ ശക്തികളുടെ രാഷ്ട്രീയ ഗൂഢാലോചനയെ പരാജയപ്പെടുത്താന്‍ അത് ആവശ്യമാണ്. ി

RELATED STORIES

Share it
Top