തെരുവുനായ ആക്രമണം; രക്ഷാശ്രമത്തിനിടെ വിദ്യാര്‍ഥിയുടെ കാല്‍ സൈക്കിളിന്റെ വീലിനടിയില്‍പ്പെട്ട് എല്ലൊടിഞ്ഞു

ചാവക്കാട്: സൈക്കിളില്‍ പോകവെ വിദ്യാര്‍ഥികളെ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നു കടിക്കാന്‍ ശ്രമിച്ചു. നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വീലിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിയുടെ എല്ലൊടിഞ്ഞു.
മണത്തല പറയച്ചന്‍ വിനോദ് കുമാറിന്റെ മകന്‍ അനന്തകൃഷ്ണ(ഒമ്പത്)ക്കാണ് പരിക്കേറ്റത്. ഇടതു കാലിന്റെ എല്ല് ഒടിഞ്ഞ അനന്തകൃഷ്ണനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണത്തല പാരിസ് റോഡില്‍ വെച്ചാണ് സംഭവം. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അനന്ത കൃഷ്ണന്‍ ബന്ധുവും ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ വിഘ്‌നേഷുമായി സൈക്കിളില്‍ ട്യൂഷനു പോകുന്നതിനിടെ കൂട്ടമായെത്തിയ തെരുവു നായ്ക്കള്‍ പിന്തുടരുകയായിരുന്നു. പുറകിലിരിക്കുകയായിരുന്ന അനന്തകൃഷ്ണന്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ കാലുകള്‍ ഉയര്‍ത്തിയപ്പോള്‍ ഇടതു കാല്‍ വീലിനിടയില്‍ കുടുങ്ങുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കുട്ടിയുടെ കാല്‍പാദത്തില്‍ വലിയ മുറിവും കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്. സാരമായി പരിക്കേറ്റ അനന്തകൃഷ്ണന് വാര്‍ഷിക പരീക്ഷ എഴുതാനായില്ല.
അതേ സമയം തീരദേശ നിവാസികളെ ഭീതിയിലാക്കി തെരുവു നായ്ക്കള്‍ കൂട്ടമായി അലഞ്ഞു നടന്നിട്ടും നായ്ക്കളെ പിടികൂടാന്‍ ആധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് പരാതി. മണത്തല, ബ്ലാങ്ങാട്, തൊട്ടാപ്പ്, എടക്കഴിയൂര്‍, ഒരുമനയൂര്‍, പാലയൂര്‍, തിരുവത്ര മേഖലകളിലാണ് തെരുവു നായ്ക്കള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

RELATED STORIES

Share it
Top