തെരുവുനായ ആക്രമണം: നാലു പേര്‍ക്ക് പരിക്ക്

പള്ളുരുത്തി:  കുമ്പളങ്ങിയില്‍ മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റിനും, സീനിയര്‍ സിവില്‍ പോലിസ് ഓഫിസറായി വിരമിച്ച ആളിനും ഉള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.  പുത്തന്‍കരിയില്‍ നികര്‍ത്തില്‍ വീട്ടില്‍സലീല ജയിംസ് (46), തുരുത്തിയില്‍ വീട്ടില്‍ പ്രകാശന്‍ (58), വെളീപ്പറമ്പില്‍ ഷീബ സജീവന്‍ (46), പുത്തന്‍കരി ലോഹിതാക്ഷന്റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനന്തു (16) എന്നിവര്‍ക്കാണ്  കടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ വീടിനു പുറത്തിറങ്ങിയ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീലയുടെ നേര്‍ക്ക് നായ കുരച്ചു ചാടുകയായിരുന്നു. ഭയന്ന് നിലത്തു വീണ ഇവരുടെ  വലതു കയ്യില്‍ നായ കടിക്കുകയായിരുന്നു. വലതു കൈ തണ്ടയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മുന്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശന്റെ വീട്ടിലെ വളര്‍ത്തുനായയെ ആക്രമിക്കാന്‍ ശ്രമിച്ച  തെരുവുനായയെ  ഓടിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടയില്‍  കൈക്ക് കടിയേല്‍ക്കുകയായിരുന്നു. രാവിലെ ട്യൂഷന് പോകുന്ന സമയത്താണ് വിദ്യാര്‍ഥിയായ അനന്തുവിനെ നായ ആക്രമിച്ചത.് കുട്ടിയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട് നായയെക്കണ്ട് ഭയന്നു വീണ സമയത്ത് ദേഹത്ത് തലങ്ങും, വിലങ്ങും കടിക്കുകയായിരുന്നു.  ക്ഷേത്രത്തില്‍ തൊഴുതു മടങ്ങും വഴിയാണ് ഷീബക്ക് കടിയേറ്റത്. ആക്രമണകാരിയായ നായക്കൂട്ടം കുമ്പളങ്ങി പ്രദേശത്ത് നിത്യ ശല്യമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പതിനൊന്നോളം പേര്‍ക്ക് ഇവിടെ നായുടെ കടിയേറ്റിട്ടുണ്ട്.  പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

RELATED STORIES

Share it
Top