തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി താളംതെറ്റി

തിരുവനന്തപുരം: ഇടക്കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയിരുന്ന നഗരസഭയുടെ വന്ധ്യംകരണ പദ്ധതി (എബിസി പ്രോഗ്രാം) താളം തെറ്റി. ഇതോടെ തെരുവ് നായ്ക്കളുടെ വിളയാട്ടം രൂക്ഷമായി.  പേട്ട മൃഗാശുപത്രിയിലാണ് എബിസി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ നവംബറില്‍ താല്‍കാലികമായി ജോലി നോക്കിയിരുന്ന രണ്ടു ഡേക്ടര്‍മാര്‍ മടങ്ങിപ്പോയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.
എബിസിയുടെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ ഡോക്ടര്‍മാരെ നിയമിക്കാന്‍ നഗരസഭ തയ്യാറാകാത്തതോടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. പിന്നാലെ രാത്രികാലങ്ങളിലുള്‍പ്പെടെ നഗരത്തില്‍ തെരുവ് നായ്ക്കളുടെ ശല്യവും വര്‍ധിച്ചു. നഗരസഭ വെറ്ററിനറി ഡോക്ടര്‍ രാജുവാണ് പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍. പേട്ട ആശുപത്രിയിലെ ഡോ. പ്രേംജയിനാണ് നിര്‍വഹണ ചുമതല. പേട്ട മൃഗാശുപത്രി കെട്ടിടം പുതുക്കിപ്പണിയാന്‍ തുടങ്ങിയതോടെ വന്ധ്യംകരണ കേന്ദ്രം തിരുവല്ലം മൃഗാശുപത്രിയിലേക്ക് മാറ്റി. അര ഏക്കറോളം സ്ഥലമുള്ള ഇവിടെയാകും ഇനി നഗരസഭയുടെ സ്ഥിരം വന്ധ്യംകരണ കേന്ദ്രം പ്രവര്‍ത്തിക്കുക. എന്നാല്‍ യാതൊരു വിധ മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് പുഞ്ചക്കരി വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിലേക്ക് കേന്ദ്രത്തെ മാറ്റിയതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എബിസി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട യാതൊരു സജ്ജീകരണവും ഇപ്പോള്‍ തിരുവല്ലം മൃഗാശുപത്രിയിലില്ല. ആവശ്യമായ വൈദ്യുതി, വെള്ളം, സുരക്ഷാ വേലി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഇവിടെ ഒരുക്കാനുണ്ട്.

RELATED STORIES

Share it
Top