തെരുവുനായശല്യ നിയന്ത്രണ പദ്ധതിക്ക് ഇന്നു തുടക്കം

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ തെരുവുനായ്ക്കളുടെ സര്‍വേയ്ക്കും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമാവും. ജീവനം അതിജീവനം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് മുതല്‍ 10 വരെ തെരുവുനായ്ക്കളുടെ സര്‍വേ, സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, പൊതുജനങ്ങള്‍ക്കായി സെമിനാറുകള്‍, വളര്‍ത്തുനായ്ക്കള്‍ക്കുള്ള ആരോഗ്യ പരിശോധന, വാക്—സിനേഷന്‍ ക്യാംപുകള്‍ എന്നിവ സംഘടിപ്പിക്കും. തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ഹോസ്പിറ്റലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഹോസ്പിറ്റലിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് തെരുവുനായ സര്‍വേയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ്, പൂക്കോട് വെറ്ററിനറി കോളജ്, അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ടുമെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പൂക്കോട് വെറ്ററിനറി കോളേജിലെ 50 ഓളം എന്‍എസ്എസ് വോളന്റിയര്‍മാരാണ് സര്‍വേ നടത്തുക. കോളേജ് അധ്യാപകര്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ അംഗങ്ങള്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും.
ജീവനം അതിജീവനം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാ വെറ്ററിനറി ആശുപത്രിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. നാളെ രാവിലെ എട്ടിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ റാബീസ് ഇമ്മ്യൂണ്‍ ഡ്രൈവ് ഉദ്ഘാടനം ചെയ്യും. 5ന് കോര്‍പറേഷന്‍ പരിധിയിലെ തിരഞ്ഞെടുത്ത സ്—കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസും 6ന് രാവിലെ 10 മുതല്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ പൊതുജനങ്ങള്‍ക്കും എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കുമായി സെമിനാറും സംഘടിപ്പിക്കും.
10ന് രാവിലെ 10ന് ടൗണ്‍ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി അഡ്വ. കെ രാജു തെരുവുനായ സര്‍വേ റിപോര്‍ട്ട് പ്രകാശനം ചെയ്യും.

തെരുവു നായ്ക്കളുടെ എണ്ണത്തിനൊപ്പം അവയുടെ സ്വഭാവരീതി, കൂടുതല്‍ എണ്ണം കാണുന്ന പ്രദേശം, അതിനുള്ള കാരണം തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. തെരുവു നായ്ക്കള്‍ കൂടുതലായുള്ള പ്രദേശങ്ങളെക്കുറിച്ച് അറിയുന്നവര്‍ക്ക് സ്ഥലവും ഫോട്ടോയും ഏകദേശ എണ്ണവും 9074851578 എന്ന നമ്പറിലേക്ക് വാട്—സ് ആപ് സന്ദേശം അയക്കാം. 4ന് കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ ഡിവിഷനുകളിലും ഒരേ സമയം വളര്‍ത്തുനായകള്‍ക്കുള്ള ആരോഗ്യ പരിശോധനയും റാബീസ് രോഗ പ്രതിരോധ കുത്തിവെയ്പും നല്‍കും. റാബീസ് ഇമ്മ്യൂണ്‍ ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന ക്യാംപില്‍ എത്തിക്കുന്ന എല്ലാ നായ്ക്കള്‍ക്കും ഡോഗ് ഫുഡും സൗജന്യമായി നല്‍കും.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസിന്റെ മിഷന്‍ റാബിസ് പ്രോഗ്രാമാണ് സര്‍വേക്കുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ച് സൗജന്യമായി നല്‍കിയിരിക്കുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വി ബാബുരാജ്, എം രാധാകൃഷ്ണന്‍, പി സി രാജന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ കെ ബേബി, ഡോ. വി എസ് ശ്രീഷ്മ, ഡോ. വിജയ് അര്‍ജുന്‍ദാസ് ലുല്ല, എം സുരേന്ദ്രന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top