തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക ഒരിക്കല്‍കൂടി തെളിയിച്ചു: ഇ അബൂബക്കര്‍

ന്യൂഡല്‍ഹി: ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ഭീകര നയതന്ത്രത്തിലൂടെ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക വീണ്ടും തെളിയിച്ചതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. യുഎസിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരു തെമ്മാടി രാഷ്ട്രം മറ്റൊരു തെമ്മാടി രാഷ്ട്രവുമായി കൈകോര്‍ത്ത് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുകയും ലോക സമാധാനത്തിന് തുരങ്കംവയ്ക്കുകയുമാണ്. യുഎസിന്റെ അപകടകരമായ ഈ നീക്കത്തിനെതിരേ യുഎന്നും യുഎസിന്റെ സഖ്യരാജ്യങ്ങളും അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് ശബ്ദമുയര്‍ത്തിയത് ഡോണള്‍ഡ് ട്രംപിന്റെ ബുദ്ധിഭ്രമത്തിനെതിരായ മുന്നറിയിപ്പ് കൂടിയാണ്. ജറുസലേം മുസ്്‌ലിംകളുടെയും ജൂതരുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ കേന്ദ്രമാണെന്നത് ചരിത്രപരമായ വസ്തുതതയാണെന്നിരിക്കെ ഇസ്രായേലിനോ യുഎസിനോ അതു മാറ്റാനാവില്ല. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ അതിന്റെ കിഴക്കന്‍ മേഖല പിടിച്ചടക്കുകയും അന്താരാഷ്ട്ര അനുമതിയില്ലാതെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ജെറുസലേമിനെ തങ്ങളുടെ സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ തലസ്ഥാനമാക്കണമെന്നാണ് ഫലസ്തീനികളുടെ ആഗ്രഹം.യുഎന്‍ ആഭിമുഖ്യത്തില്‍ ഫലസ്തീനികളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെ ജറുസലേമിന്റെ പദവി നിര്‍ണയിക്കണം.ജറുസലേമില്‍ ഒരു രാജ്യത്തിനും എംബസിയില്ലെന്നിരിക്കെ തങ്ങളുടെ തലസ്ഥാനമെന്ന ഇസ്രായേല്‍ വാദം നിരര്‍ഥകമാണ്. പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേല്‍ കൂട്ടുകെട്ടിന്റെ കെണിയില്‍ അകപ്പെട്ട അറബ് മുസ്്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത സാഹചര്യം ഐക്യം കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top