തെന്‍മല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; ജാഗ്രതാ നിര്‍ദേശം

കൊല്ലം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ജില്ലയില്‍ ശമനം. ഇന്നലെ രാവിലെ മഴ പെയ്തത് ഒഴിച്ചാല്‍ പകല്‍ സമയങ്ങളില്‍ നഗരത്തില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
അതേസമയം, തെന്‍മല ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.  വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 114.9 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. ഇന്നലെ പുലര്‍ച്ചെ മഴ ശക്തിപ്പെട്ടതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 115.40 മീറ്റര്‍ കഴിയുമ്പോള്‍ മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളൂ. ഇന്ന് പുലര്‍ച്ചെയും മഴ കനത്താല്‍ ഡാം തുറക്കാനാണ് സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടുത്ത 24 മണിക്കുറിനുള്ളില്‍ ഏതു സമയത്തും തുറക്കാനിടയുണ്ടെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കല്ലടയാറിന്റെ തീരത്തും കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
അണക്കെട്ടില്‍ എക്കലും മണലും അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ചെറിയ മഴയില്‍ നിറയുകയും വേനലിന്റെ തുടക്കത്തില്‍തന്നെ വരളുകയുമാണു പതിവ്. ഡാമിന്റെ 23 ശതമാനവും മണലും എക്കലുമാണെന്നാണു ജിയോളജിക്കല്‍ സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. അണക്കെട്ടില്‍ നിന്നും എക്കലും മണലും നീക്കം ചെയ്യണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കെഐപി കനാല്‍ വഴി തെന്മല ഡാമില്‍ നിന്നുമാണു വെള്ളം കൊണ്ടുപോകുന്നത്.
അതേസമയം, മഴക്കെടുതികള്‍ തുടരുകയാണ്. ജില്ലയില്‍ നാലിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി 300ഓളം പേരാണ് കഴിയുന്നത്. കൊറ്റങ്കരയില്‍ 31 കുടുംബങ്ങളും, ക്ലാപ്പനയില്‍ 41 കുടുംബങ്ങളും, ഓച്ചിറയില്‍ നാല് കുടുംബങ്ങളും കഴിയുന്നുണ്ട്.
ഇന്നലെ കൊല്ലം താലൂക്കില്‍ തൃക്കോവില്‍വട്ടം വില്ലേജിലും ദുരിതാശ്വാസ ക്യാംപ് തുറന്നു. ഇവിടെ 19 കുടുംബങ്ങളില്‍ നിന്നുള്ള 65 പേരാണുള്ളത്.ഇതുവരെ മഴയില്‍ ജില്ലയില്‍ 500ലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 88.545 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് കാലവര്‍ഷക്കെടുതിയില്‍ നശിച്ചത്. വാഴയും കപ്പയും റബറും പച്ചക്കറികളും വെറ്റിലക്കൊടികളും ഉള്‍പ്പടെ നശിച്ചതിലൂടെ 1.78 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടായത്.
ആലപ്പാട് ചെറിയഴീക്കല്‍ മേഖലയിലെ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അനിവാര്യമെങ്കില്‍ സാധാരണ നടപടിക്രമങ്ങള്‍ ഒഴിവാക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ ജോലി പൂര്‍ത്തികരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.  കടല്‍ഭിത്തികള്‍ തകര്‍ന്ന് തീരദേശത്തെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമുള്ള കരുനാഗപ്പള്ളി തഹസില്‍ദാരുടെ റിപ്പോര്‍ട്ടും ജനങ്ങളുടെ പരാതിയും പരിഗണിച്ചാണ് നടപടി.

RELATED STORIES

Share it
Top