തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തം

തൃശൂര്‍: ഒരു മാസത്തിനിടെ തൃശൂര്‍ ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയത് മൂന്ന് അന്തേവാസികള്‍. മാനസികാരോഗ്യ കേന്ദ്രത്തിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഏറെ സുരക്ഷയും ശ്രദ്ധയും ആവശ്യമായ കേന്ദ്രം അത്ര സുരക്ഷിതമല്ലെന്നുള്ളതിനുള്ള തെളിവാണ് അന്തേവാസികളെ കാണാതാകുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍. ചാടി പോയവരില്‍ ഒരാളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പൊതുവേ ശാന്ത പ്രകൃതക്കാരനായ അഖില്‍ എന്ന യുവാവിനെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു അന്വേഷണം നടത്താന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.
യുവാവിനെ കാണാതായ കാര്യം പോലിസില്‍ അറിയിക്കാന്‍ പോലും അധികൃതര്‍ ആദ്യം തയ്യാറായില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സുരക്ഷാ ജീവനക്കാരും ചുറ്റുമതിലുമെല്ലാമായി കനത്ത സുരക്ഷയൊരുക്കിയിട്ടുള്ള കേന്ദ്രത്തില്‍ നിന്നു അടിക്കടിയുണ്ടാകുന്ന ഇത്തരം ചാടിപ്പോകല്‍ അധികൃതരുടെ തികഞ്ഞ അനാസ്ഥ കൊണ്ടാണെന്നാണ് ആരോപണം.
അതേസമയം അടിയ്ക്കടിയുണ്ടാകുന്ന അന്തേവാസികളുടെ കാണാതാകല്‍ സംബന്ധിച്ച് കാര്യക്ഷമമായ ഒരു വകുപ്പുതല അന്വേഷണം പോലും ഉണ്ടാകുന്നില്ലായെന്നതാണ് വസ്തുത.
സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top