തൃശൂര്‍ പൂരത്തിന് ചരമഗീതം എഴുതാന്‍ ഉദ്യോഗസ്ഥര്‍ തുനിയേണ്ടെന്ന് പൂരസന്ധ്യതൃശൂര്‍: തൃശൂര്‍ പൂരത്തിന് ചരമഗീതം എഴുതാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്ന് സത് സംഗ് സംഘടിപ്പിച്ച പൂരസന്ധ്യ വ്യക്തമാക്കി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂര്‍ പൂരത്തിന്റെ പഴമയും പ്രതാപവും, തനിമയും ഇന്നിന്റെ പ്രാമുഖ്യവും വ്യക്തമാക്കാന്‍ തൃശൂരിന്റെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ തൃശിവപേരൂര്‍ സത്്‌സംഗ് പൂരപ്രദര്‍ശനനഗരിയില്‍ സംഘടിപ്പിച്ച യോഗമാണ് ശക്തന്‍ തമ്പുരാന്‍ തുടക്കമിട്ട തൃശൂര്‍ പൂരത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടിഞ്ഞാണിടുന്ന അവസ്ഥ അതിരുവിട്ടതാണെന്ന് പ്രഖ്യാപിച്ചത്. പൂരത്തിന്റെ ചരിത്രപശ്ചാത്തലത്തെകുറിച്ച് ആകാശവാണി തൃശൂര്‍ പ്രതിനിധി എന്‍ ശ്രീകുമാര്‍ സംസാരിച്ചു. പാറമ്മേക്കാവ്-തിരുവമ്പാടി ഭഗവതിമാരുടെ സംഗമവേദിയാണ് തൃശൂര്‍ പൂരം.പൂരത്തിന് അണിനിരത്തുന്ന ഗജവീരന്മാരും വാദ്യമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ഭഗവതിമാരുടെ പ്രീതിക്കായി ഭക്തര്‍ സംഘടിപ്പിക്കുന്നതാണ്. ഭൂമിയിലെ ഏറ്റവും നയനമനോഹരമായ കാഴ്ചയാണ് തൃശൂര്‍ പൂരമെന്ന യുനെസ്‌കൊയുടെ കീഴിലുള്ള വാര്‍ത്താ ഏജന്‍സിയുടെ പരാമര്‍ശം ഇതിന്റെ പ്രാമുഖ്യം വ്യക്തമാക്കുന്നു. മേടമാസത്തിലെ പൂരം നാളില്‍ അരങ്ങേറുന്ന, നൂറ്റാണ്ട് പഴക്കമുള്ള ഈ പാരമ്പര്യതനിമയുടെ നിറംകെടുത്തി കളയാമെന്ന് ഒരു സര്‍ക്കാരും,ഉദ്യോഗസ്ഥനും കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന്റെ മുന്‍ കളക്ടര്‍മാരായ പി എം ഫ്രാന്‍സിസ്, എം എസ് ജയ എന്നിവര്‍ പൂരം നടത്തിപ്പിന്റെ ഔദ്യോഗിക വശങ്ങള്‍ വിശദീകരിച്ചു. തൃശൂര്‍ പൂരം കേരളത്തിന്റെ ആവേശമാണ്. ഇക്കൂട്ടരുടെ വികാരം കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമനിര്‍മ്മാണം നടന്നിട്ടുള്ളതെന്ന് എം എസ് ജയ പറഞ്ഞു. പൂരം ഭംഗിയായി നടത്താന്‍ ഭരണവര്‍ഗ്ഗത്തിന് ചുമതലയുണ്ടെന്നും അവര്‍ വ്യക്തമാക്കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിലും ജില്ലാ കളക്ടര്‍ എന്ന നിലയിലും എട്ട് വര്‍ഷം പൂരം നടത്തിയതിന്റെ അനുഭവസമ്പത്ത് തനിക്കുണ്ടെന്ന് പി എം ഫ്രാന്‍സിസ് പറഞ്ഞു. 1996 ലെ വെടിക്കെട്ട് അപകടത്തില്‍ പതിനേഴ് മരണം നടന്നത് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞത് നിയമങ്ങളും നിയന്ത്രണങ്ങളും വഴിയാണ്. ഇന്ത്യാ മഹാരാജ്യത്തിലെ നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. തന്റെ ഔദ്യോഗിക കാലഘട്ടത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്നവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വളരെ ദയനീയമായ അവസ്ഥയിലാണ് അവര്‍ ജീവിതം കഴിച്ചുപോരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ഇരുപത് വര്‍ഷം മുമ്പുള്ള ഒരു തലമുറ ഇന്ന് ജീവിച്ചിരിപ്പില്ല. പാരമ്പര്യവും കൈവിരുതും മാത്രമാണ് ഇക്കൂട്ടരുടെ യോഗ്യതയെന്നും വെടിക്കെട്ട് മേഖലയില്‍ യാതൊരു ശാസ്ത്രീയ പുരോതിയും നാളിതുവരെ കൈവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗവും ദേവസ്വങ്ങളും സംയുക്തമായി സഹകരിച്ചാല്‍ വെടിക്കെട്ട് മേഖലയില്‍ ശാസ്ത്രീയ നേട്ടം കൈവരിക്കാവുന്നതേയുള്ളൂവെന്നും അദ്ദഹം പറഞ്ഞു. ആശങ്കകളുടെ നടുവിലാണ് ഈ വര്‍ഷത്തെ പൂരവും വെടിക്കെട്ടും എന്ന് ആമുഖപ്രഭാഷണത്തില്‍ സത്്‌സംഗ് പ്രസിഡന്റുകൂടിയായ പ്രഫ. എം മാധവന്‍കുട്ടി അറിയിച്ചു. ഏകദേശം അരനൂറ്റാണ്ടുകാലം പൂരത്തിന്റെയും പൂരം പ്രദര്‍ശനത്തിന്റെയും നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച കെ മനോഹരന്‍ തന്റെ പൂരം ഓര്‍മ്മകള്‍ പങ്കുവച്ചു. കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാനായി അവരോധിതനായ ടി എസ് അനന്തരാമനെ യോഗത്തില്‍ ആദരിച്ചു. സത്്‌സംഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, പൂരം പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റ് ഡോ. എം ബാലഗോപാല്‍, ജോജു തേയ്ക്കാനത്ത് സംസാരിച്ചു. മുന്‍ കളക്ടര്‍മാര്‍ക്കുള്ള സത്്‌സംഗ് ഉപഹാരം സത്്‌സംഗ് പേട്രണ്‍ അംഗം തോമസ് കൊള്ളന്നൂര്‍ സമ്മാനിച്ചു.

RELATED STORIES

Share it
Top