തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് പ്രധാന പൂരപങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരം കൊടിയേറിയത്. പ്രത്യേക ഭൂമി പൂജകള്‍ക്കു ശേഷം മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി വിളക്കില്‍ ദീപം തെളിയിച്ചതോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റത്തിന് തുടക്കമായത്. പിന്നീട് ക്ഷേത്രത്തില്‍ പൂജിച്ച സപ്തവര്‍ണത്തിലുള്ള കൊടിക്കൂറയോടു കൂടിയ കൊടിമരം ദേശക്കാരും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ഉയര്‍ത്തി.
സമാനമായ രീതിയില്‍ തന്നെ നിറഞ്ഞ പൂരാവേശത്തോടെയാണ് പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റ ചടങ്ങുകളില്‍ പങ്കാളികളാവാനും വീക്ഷിക്കാനുമായി നിരവധി പൂരപ്രേമികളാണ് ഇരുക്ഷേത്രങ്ങളിലേക്കുമെത്തിയത്. ഘടക ക്ഷേത്രമായ അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും കൊടിയേറി. തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണന്‍നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. ലാലൂര്‍ ക്ഷേത്രത്തില്‍ രാവിലെ കൊടിയേറ്റം നടന്നു.

RELATED STORIES

Share it
Top