തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്നു കൊടികയറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും ഇന്നാണ് കൊടി കയറുക. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നുമിടയിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടക്കുക. പാറമേക്കാവ് ക്ഷേത്രത്തില്‍ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടക്കുക.
ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്ന് പൂരത്തോടനുബന്ധിച്ച് കൊടിയേറ്റ് നടക്കും. പൂരക്കൊടി ഉയര്‍ത്താനുള്ള കൊടിമരത്തിന് ഇന്നലെ വൈകീട്ട് തിരുവമ്പാടി തട്ടകത്ത് വരവേല്‍പ് നല്‍കി.
വര്‍ഷങ്ങള്‍ക്കു മുമ്പ്് കൊടിമരത്തിനെ ആഘോഷമായി ക്ഷേത്രത്തിലേക്കു സ്വീകരിക്കുന്ന ചടങ്ങുണ്ടായിരുന്നുവെങ്കിലും കാലങ്ങളായി അതു മുടങ്ങികിടക്കുകയായിരുന്നു. പണ്ട് കൊടിമരത്തിനുള്ള കവുങ്ങ് ക്ഷേത്രത്തിനു സമീപത്തേയോ തട്ടകത്തേയോ വീടുകളില്‍ നിന്നാണ് മുറിച്ച് തയ്യാറാക്കി കൊണ്ടുവരാറുള്ളത്. എന്നാല്‍, വീടുകളില്‍ കവുങ്ങും മറ്റും ഇല്ലാതായതോടെ കൊടിമരം പുറത്ത് തയ്യാറാക്കുകയായിരുന്നു. അതോടെ കൊടിമരത്തിനു വരവേല്‍പ് നല്‍കുന്ന ചടങ്ങും ഇല്ലാതായി. വിസ്മൃതിയിലാണ്ടുപോയ ആ ചടങ്ങിനെ വീണ്ടും തൃശൂര്‍ പൂരത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ വലിയൊരു കൂട്ടായ്മയാണ് തിരിച്ചെത്തുന്നത്.

RELATED STORIES

Share it
Top