തൃശൂര്‍ നഗരത്തില്‍ ഇരുപതോളം വീടുകളില്‍ വെള്ളം കയറി

തൃശൂര്‍: കനത്തമഴയില്‍ തൃശൂര്‍ നഗരത്തില്‍ ഇരുപതോളം വീടുകളില്‍ വെള്ളം കയറി. പെട്ടന്നുണ്ടായ വെള്ളക്കെട്ടില്‍ കുരുങ്ങി നഗരവാസികള്‍ തൃശൂര്‍ അക്വാട്ടിക് ലൈനിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കനത്തമഴയില്‍ വെള്ളം കയറിയത്. കാനകളുടെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ളപൊക്കത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തൃശൂര്‍ സ്വരാജ് റൗണ്ട്, വടക്കേചിറ, ഷൊര്‍ണ്ണൂര്‍ റോഡ് എന്നിവിടങ്ങളിലെ കാനകളില്‍ നിന്നുള്ള വെള്ളം അക്വാട്ടിക് കോംപ്ലക്‌സിന് സമീപമുള്ള അക്വാട്ടിക് ലൈനിലെ കാനയിലേക്ക് തിരിച്ച് വിട്ടതാണ് വെള്ളപൊക്കത്തിനിടയാക്കിയത്. കാന നിറഞ്ഞ് പലവീടുകളിലേക്കും വെള്ളത്തിനൊപ്പം മാലിന്യങ്ങളും ഒഴുകിയെത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും കനത്തമഴയില്‍ അശ്വിനി ആശുപത്രി പരിസരത്തും അക്വാട്ടിക് ലൈനിലും വെള്ളം കയറിയിരുന്നു. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപെട്ട് വീട്ടുകാര്‍ പരാതിയുമായി കോര്‍പറേഷനെ സമീപിച്ചുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാതിരുന്നതാണ് വീണ്ടും വെള്ളക്കെട്ടിനിടയാക്കിയത്.
പൂത്തോള്‍ ഓവര്‍ ബ്രിഡ്ജിന് സമീപവും കാന നിറഞ്ഞ് കവിഞ്ഞ് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. മുണ്ടുപാലം അവന്യൂ റോഡിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

RELATED STORIES

Share it
Top