തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ മികച്ച ശുചിത്വ സ്‌റ്റേഷന്‍

തൃശൂര്‍: ജില്ലയിലെ മികച്ച ശുചിത്വ പോലിസ് സ്‌റ്റേഷനായി സിറ്റി വിഭാഗത്തില്‍ ടൗണ്‍ ഈസ്റ്റ്, ഗ്രാമീണ വിഭാഗത്തില്‍ പഴയന്നൂര്‍ സ്‌റ്റേഷനുകള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഗാന്ധിജയന്തി അന്താരാഷ്ട്ര ശുചിത്വവാരം ഭാഗമായാണ് മികച്ച സ്വച്ച് സ്‌റ്റേഷനുകളെ തിരഞ്ഞെടുത്തത്. സിറ്റി പോലിസ് കമ്മീഷണര്‍ യതീഷ്ചന്ദ്രയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മല്‍സരം നടത്തിയത്. സിറ്റി വിഭാഗത്തില്‍ വിയ്യൂര്‍ പോലിസ് സ്‌റ്റേഷനും ഗ്രാമീണ വിഭാഗത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനും രണ്ടാം സ്ഥാനം ലഭിച്ചു.
ഗുരുവായൂര്‍, പീച്ചി, മണ്ണുത്തി, വനിതാപോലിസ് സ്‌റ്റേഷന്‍ സിറ്റി വിഭാഗത്തിലും ഗ്രാമീണ വിഭാഗത്തില്‍ പാവറട്ടി, ചാവക്കാട് എന്നിവര്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കും.
പോലിസ് സ്‌റ്റേഷന്‍ അകവും പുറവും ശുചീകരണം, മാലിന്യനിര്‍മ്മാര്‍ജന സംവിധാനം എന്നിവയാണ് പ്രാധാന്യത്തോടെ വിലയിരുത്തിയത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ എന്നിവയെല്ലാം പരിശോധിച്ചു. ഇരുപതിന കാറ്റഗറിയിലാണ് മല്‍സരമുണ്ടായത്. പോലിസ് സ്‌റ്റേഷനുകള്‍ക്ക് ഒരാഴ്ചത്തെ സമയമാണ് മല്‍സരത്തിനായി നല്‍കിയത്.
മൂന്ന് എ.സി.പി മാരുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 2 ന് നേരില്‍ എത്തി സ്‌റ്റേഷനുകള്‍ പരിശോധിച്ച് വിലയിരുത്തിയത്. എല്ലാ സ്‌റ്റേഷനുകളുടെയും പൊതുമേന്മ ഉയര്‍ത്തുക ലക്ഷ്യമാക്കിയാണ് ശുചിത്വ മല്‍സരമുണ്ടായത്.
വിജയികളായ സ്‌റ്റേഷനുകള്‍ക്ക് ശുചിത്വ മേന്മാ അവാര്‍ഡും, ബഹുമതിയും നല്‍കും. തുടര്‍ന്നും സ്‌റ്റേഷന്‍ ശുചിത്വ പരിപാലനം പരിശോധിയ്ക്കാനായി സ്ഥിരം സമിതിയെ നിശ്ചയിച്ചു.
മല്‍സരസ്വഭാവത്തില്‍ ശൂചീകരണത്തിന് നേതൃത്വം നല്‍കിയ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും കമ്മീഷണര്‍ അഭിനന്ദനങ്ങളറിയിച്ചു.

RELATED STORIES

Share it
Top