തൃശൂര്‍-കോഴിക്കോട് സംസ്ഥാന പാതയില്‍ വീണ്ടും അറ്റകുറ്റപ്പണി

മുതുവറ: തൃശൂര്‍-കോഴിക്കോട് സംസ്ഥാന പാത മുതുവറഭാഗത്തെ കുഴികളും അറ്റകുറ്റപ്പണികളും യാത്രക്കാര്‍്ക്ക് കര്‍ക്ക് ദുരിമാവുന്നു. രണ്ട് സംസ്ഥാന മന്ത്രിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലയിലെ പ്രധാനപാത തകര്‍ന്ന് തരിപ്പണമായിട്ടും  അവഗണിക്കുന്നതിനെതിരെ ജനകീയ രോഷവും ഏറുന്നുണ്ട്.
വടക്കാഞ്ചേരി മണ്ഡലം പ്രതിനിധാനം ചെയ്യുന്ന എംഎല്‍എഅനില്‍ അക്കര യുഡിഎഫുകാരനായതിനാല്‍ കൃത്യമായി ഫണ്ട് നല്‍കാതെ സര്‍ക്കാര്‍  അവഗണിക്കുമ്പോള്‍ അതിന്റെ ദുരിതം പേറുന്നത്  ആയിരക്കണക്കിന് യാത്രികരാണ്.
സര്‍ക്കാര്‍ ഫണ്ട് നല്‍കാതിരിക്കുമ്പോള്‍ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ടാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് അനില്‍ അക്കര എംഎല്‍എ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന്റെ ആദ്യപടിയായി  തകര്‍ന്ന 120 മീറ്റര്‍ ഭാഗം നേരത്തെ ഇന്റര്‍ലോക്ക് ടൈല്‍ പതിച്ച് വൃത്തിയാക്കിയിരുന്നു. ഇതിനായി ഒരാഴ്ചയിലേറെ റോഡ് അടച്ചിട്ടിരുന്നു.
മുതുവറ ടൗണില്‍ വ്യാപാരിക ളുടെ എതിര്‍പ്പ് അവഗണിച്ച് അഴുക്കുചാല്‍ കീറി വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം ഇതിനായി നിലവിലെ റോഡ് എസ്‌കവേറ്റര്‍ ഉപയോഗിച്ച് കീറിയെടുത്തത് കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷാവധി ദിനങ്ങള്‍ കണക്കിലെടുക്കാതെ മുതുവറ സെന്ററിലാരംഭിച്ച റോഡ് നിര്‍മാണം യാത്രാദുരിതം ഇരട്ടിയാക്കിയിരിക്കയാണ്. മുതുവറ സെന്ററില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഭാഗത്തേക്കുള്ള റോഡ് രണ്ടടിയോളം ഭാഗികമായി കുഴിച്ചതാണ് ഏറേ ദുരിതം.
ക്രിസ്മസ് പുതുവല്‍സരാഘോഷ ദിനങ്ങള്‍ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂടി വന്നെത്തുന്ന ദിനങ്ങളില്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത് വന്‍ഗതാഗതകുരുക്കിനും വഴിവെക്കുന്നു. കുണ്ടുംകുഴിയും നിറഞ്ഞ പാതയില്‍ ഇപ്പോള്‍ അത് വന്‍ പൊടിശല്യമാണുണ്ടാക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന വേളയില്‍ മണിക്കൂറുകളോളം കിലോമീറ്ററുകള്‍ നീളുന്ന വാഹനനിരയാണ് ദൃശ്യമാകുന്നത്. വലിയ ഉരുളന്‍ കല്ലുകളടക്കം നിറഞ്ഞ റോഡിലൂടെയുള്ള ഇരുചക്രവാഹനയാത്രയും അത്യന്തം അപകടം നിറഞ്ഞതായിമാറിയിരിക്കയാണ്.
വലിയ ഗര്‍ത്തങ്ങളില്‍ ചാടി ചെറുതും വലുതുമായ വാഹനങ്ങള്‍ തകരാറിലാകുന്നതും അപകടങ്ങളില്‍പെടുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. റോഡുപണിയുടെ ഭാഗമായി പലപ്പോഴും മുതുവറ ഭാഗത്ത് വാഹനങ്ങള്‍ ഒറ്റവരിയായി മാത്രം കടത്തിവിടുന്നതും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. അതേസമയം റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുതുവറയിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും മാറുന്നതോടൊപ്പം വെള്ളം കെട്ടി നിന്ന് റോഡ് തകരുന്നതിന് അറുതിയാകുമെന്ന് അനില്‍ അക്കര പറഞ്ഞു.

RELATED STORIES

Share it
Top