തൃശൂര്‍ കോര്‍പറേഷന്‍മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരണം ത്രിശങ്കുവില്‍

തൃശൂര്‍: കോര്‍പ്പറേഷനില്‍ മാസ്റ്റര്‍പ്ലാന്‍ പരിഷ്‌കരണം ത്രിശങ്കുവിലായി. മേയ് 31നകം തിരുമാനമെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാനാകാതെ കോര്‍പ്പറേഷന്‍ അട്ടിമറി നടപ്പില്ലെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍. നിസ്സംഗതയില്‍ കോര്‍പ്പറേഷന്‍ നേതൃത്വം.ഐ പി പോള്‍ മേയറായിരിക്കേ 2012ല്‍ കൗണ്‍സില്‍ ചര്‍ച്ചയില്ലാതെ ഏകകണ്ഠമായി അംഗീകരിച്ചതും സര്‍ക്കാര്‍ അനുമതി നല്‍കിയതുമായ മാസ്റ്റര്‍ പ്ലാനാണിപ്പോള്‍ നിയമപരമായി പ്രാബല്യത്തിലുള്ളത്. ജനാഭിപ്രായം ആരായാതേയും അപാകതകള്‍ നിറഞ്ഞതുമായ മാസ്റ്റര്‍ പ്ലാനിനെതിരെ ശക്തമായ ജനാഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ പരിഷ്‌ക്കരിക്കാന്‍  സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കിയിരുന്നു.
അതനുസരിച്ച് പരിഷ്‌ക്കാരം പൂര്‍ത്തിയാക്കാന്‍ പൊതു പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവായതാണ്. പിന്നീട് കോര്‍പ്പറേഷന്‍ ആവശ്യമനുസരിച്ച് ഹൈക്കോടതി തിയ്യതി നീട്ടി നല്‍കി മേയ് 31നകം തീരുമാനമെടുത്തരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണ്. ഹൈക്കോടതി അഭിഭാഷകന്റെ കത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗ അജണ്ടയില്‍ വിഷയം വെച്ചതാണെങ്കിലും യോഗം വിഷയം ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ചു.
മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ അനുമതിയനുസരിച്ച് ഐ പി പോളിന്റെ കാലത്ത് തന്നെ മാസ്റ്റര്‍പ്ലാന്‍ അടിമുടി മാറ്റിയും റോഡുകളെല്ലാം വീതി കുറച്ചും പാടങ്ങള്‍ നികത്തി വികസനത്തിന് തീരുമാനമെടുത്തും പുതിയൊരു മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശിച്ച കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചെങ്കിലും അതംഗീകരിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനറും സര്‍ക്കാരും തയ്യാറായില്ല. തുടര്‍ന്ന് രാജന്‍ പല്ലന്‍ മേയറായപ്പോള്‍ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കിലയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ 2012ലെ മാസ്റ്റര്‍ പ്ലാനിലൊതുങ്ങി ചില്ലറ മാറ്റങ്ങള്‍ വരുത്തിയുള്ള മാസ്റ്റര്‍ പ്ലാന്‍  പരിഷ്‌കാരത്തിന് ധാരണയായതാണ് അത്. ചീഫ് ടൗണ്‍ പ്ലാനര്‍ സര്‍ക്കാര്‍ അംഗീകാരത്തിന് നല്‍കിയെങ്കിലും കൗണ്‍സിലിന്റെ ഔപചാരിക അംഗീകാരമില്ലെന്ന  പേരില്‍ സര്‍ക്കാര്‍ തിരിച്ചയച്ചു. അപ്പോഴേക്കും ഭരണം മാറി എല്‍ഡിഎഫ് വന്നു.
രണ്ട് വര്‍ഷം മുമ്പ് ജോയസ് പാലസില്‍ ചേര്‍ന്ന മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചാ യോഗത്തില്‍ വിദഗ്ദ സമിതിയെ നിയോഗിച്ച മാസ്റ്റര്‍ പ്ലാനാകെ ജനകീയമാക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചതാണെങ്കിലും ഒന്നും നടന്നില്ല. ഒരു വര്‍ഷം മുമ്പ്, മന്ത്രിതല ചര്‍ച്ചയിലുണ്ടായ പരിഷ്‌ക്കാര നിര്‍ദ്ദേശങ്ങള്‍ മാറ്റി വെച്ച് ഐ പി പോളിന്റെ കാലത്ത് പരിഷ്‌ക്കരിച്ച അട്ടിമറി പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. കൂടുതല്‍ വികൃതമായ പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി.
പല റോഡുകളും ഉപേക്ഷിച്ചു. കൂടുതല്‍ റോഡുകള്‍ വീതികുറച്ചു. നിലവിലുള്ള അംഗീകൃത ഡിടിപി സ്‌കീമുകള്‍ക്ക് വിരുദ്ധവുമായിരുന്നു. എല്‍ഡിഎഫ് കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍. മൂന്ന് മാസം മുമ്പ് കൗണ്‍സില്‍മാരുടെ സംഘം ചീഫ് ടൗണ്‍ പ്ലാനറെ കണ്ട് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കാരം ചര്‍ച്ച നടത്തിയെങ്കിലും അംഗീകൃത ഡിടിപി സ്‌കീമുകള്‍ക്ക് വിരുദ്ധമായ ഒരു പരിഷ്‌ക്കാരവും നിയമപരമായി അനുവദനീയമല്ലെന്ന് വ്യക്തമാക്കി. 25 മീറ്റര്‍ റിങ്ങ് റോഡുകളുടെ വീതി പോലും 21 മീറ്ററായി കുറച്ചായിരുന്നു പരിഷ്‌ക്കാരം. 2012ല്‍ അംഗീകരിച്ച പ്ലാനില്‍ ചില്ലറ മാറ്റങ്ങല്ലാതെ സമൂല മാറ്റം സാധ്യമല്ലെന്നും വ്യക്തമാക്കി. തീരുമാനമെടുക്കാനാകാതെ സംഘം മടങ്ങി നഗരാസൂത്രണസമിതി പോലും അറിയാതെയുള്ള ഈ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച നഗരസഭയില്‍ വിവാദമായിരുന്നു.കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ടൗണ്‍ പ്ലാനര്‍മാരുടെ സംഘം കോര്‍പ്പറേഷനിലെത്തി പരിഷ്‌ക്കാരങ്ങള്‍ നടത്താമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ഇതുവരെ അതും ഉണ്ടായിട്ടില്ല. മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കാരം എന്തുചെയ്യണമെന്ന് ഒരു ധാരണയുമില്ലാത്ത സ്ഥിതിയിലാണ് കോര്‍പ്പറേഷന്‍ നേതൃത്വം. ഏറെകൊട്ടിയാഘോഷിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനിനെ പറ്റി കഴിഞ്ഞ ബജറ്റില്‍ പോലും പരാമര്‍ശമുണ്ടായിരുന്നില്ല.

RELATED STORIES

Share it
Top