തൃശൂരില്‍ വീണ്ടും കോംപിങ് ഓപറേഷന്‍; ഗുണ്ടകള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ സിറ്റി പോലിസ് പരിധിയില്‍ നടത്തിയ കോംപിങ് ഓപ്പറേഷനില്‍ ഗൂണ്ടാസംഘാംഗങ്ങള്‍ ഉള്‍പ്പടെ 48 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. അസി. പോലിസ് കമ്മിഷണര്‍മാരുടെ കീഴില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 27 മൊബൈല്‍ പെട്രോളിങും ഏഴ് ഫൂട് പെട്രോളിങും 12 പിക്കറ്റ് പോസ്റ്റുകളും ഉള്‍പ്പെടുത്തി പ്രത്യേക സംഘാംഗങ്ങളായാണ് കോംപിങ് ഓപ്പറേഷന്‍ നടത്തിയത്. ഗൂണ്ടാ സംഘങ്ങളുടെ ഒളി സങ്കേതങ്ങളില്‍ പ്രത്യേക പരിശോധന നടത്തി. ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ല്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തി. അസമയത്ത് തമ്പടിച്ചിരുന്ന 84 പേരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. മോഷണം, കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 21 പേരുടെ വാസ സ്ഥലങ്ങളില്‍ നേരിട്ട് ചെന്ന് പരിശോധന നടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച നാലുപേര്‍ക്കെതിരേ അബ്കാരി നിയമപ്രകാരവും പൊതുജനശല്യമുണ്ടാക്കിയ 29 പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചു. 48 വോറന്‍ഡ് പ്രതികളെയും അറസ്റ്റ് ചെയ്തു. 530 വാഹനങ്ങള്‍ പരിശോധിക്കുകയും 450 പേര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും പിഴയായി 1,21,700 രൂപ ഈടാക്കുകയും ചെയ്തു.

RELATED STORIES

Share it
Top