തൃശൂരില്‍ ചുമട്ടുതൊഴിലാളികള്‍ സമരം നടത്തി

തൃശൂര്‍: കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൃശൂരില്‍ ചുമട്ടുതൊഴിലാളികള്‍ സമരം നടത്തി. നിരക്ക് വര്‍ധനവ് അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.
തൃശൂര്‍ പഴയ മുനിസിപ്പല്‍ പരിധിയിലെ ചുമട്ടുതൊഴിലാളികളുടെ കൂലി സംബന്ധിച്ച കാലാവധി ഈമാസം പകുതിയോടെ അവസാനിച്ചിരുന്നു. ഇതോടെ യൂണിയനുകള്‍ വര്‍ദ്ധിപ്പിച്ച പുതിയ നിരക്ക് വ്യാപാരികള്‍ അംഗീകരിക്കാത്തതാണിപ്പോള്‍ സമരത്തിലേക്ക് വഴിവെച്ചത്. നിരക്ക് വര്‍ധനവില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ചുമട്ടുതൊഴിലാളി യൂണിയനുകളും വര്‍ദ്ധനവ് അംഗീകരിക്കില്ലെന്ന നിലപാടില്‍ വ്യാപാരികളും ഉറച്ചുനിന്നതോടെയാണ് തൊഴിലാളികള്‍ ഇന്നലെ സൂചനാ പണിമുടക്കിലേക്ക് നട ത്തിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തിയത്.
അരിയങ്ങാടിയില്‍ നിന്നു പ്രകടനമായെത്തിയ തൊഴിലാളികള്‍ കോര്‍പ്പറേഷന്‍ ഓഫീസ് പടിക്കല്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.ഐ. ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ഷാജന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു, എ.ഐ. ടി.യു.സി, ഐ. എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ തൊഴിലാളി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരപ്രക്ഷോഭങ്ങള്‍ നടക്കുന്നത്. നിരക്ക് വര്‍ധനവ് അംഗീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

RELATED STORIES

Share it
Top