തൃശൂരില്‍ കടല്‍ക്ഷോഭം ശക്തം

തൃശൂര്‍: ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ മേഖലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം അതിശക്തമായി തുടരുന്നു. നൂറോളം വീടുകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലായി. ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം ശക്തമാണ്. ഇവിടെ 50ലധികം വീടുകളിലേക്ക് വെള്ളം കയറി.
കടല്‍വെള്ളം കോര്‍ണിഷ് റോഡും കവിഞ്ഞൊഴുകി. ഇതോടെ തീരത്തുണ്ടായിരുന്ന മല്‍സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. കഴിഞ്ഞ ദിവസവും മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു. രാവിലെ തുടങ്ങിയ കടല്‍ക്ഷോഭം വൈകും വരെ തുടര്‍ന്നു. തൊട്ടാപ്പ് ലൈറ്റ്ഹൗസ്, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി, മാളൂട്ടിവളവ്, മൂസാറോഡ്, മുനക്കക്കടവ് എന്നിവിടങ്ങളില്‍ ശക്തമായി തിരയടിച്ചു.
കടല്‍ഭിത്തിക്ക് മുകളിലൂടെയും ഭിത്തി ഇല്ലാത്ത ഭാഗത്തുകൂടിയും തിര അടിച്ചുകയറി. നിരവധി വീടുകള്‍ക്കു ചുറ്റും കടലേറ്റത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അഴിമുഖത്തിനു വടക്കുഭാഗത്തെ ക്ഷേത്രം ഉള്‍പ്പെടെ നിരവധി വീടുകളും കടകളും വേലിയേറ്റത്തിരയടിച്ച് വെള്ളക്കെട്ടിലായി. അഴിമുഖം മുതല്‍ എത്തായ് ബീച്ച് വരെയുള്ള സീവാള്‍ റോഡ് കടലേറ്റത്തില്‍ പൂര്‍ണമായും മണല്‍ മൂടി. പ്രദേശത്ത് 15 വീടുകളാണ് വെള്ളക്കെട്ടിലായത്. ഇതില്‍ ആറു വീടുകള്‍ ഏതു സമയവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്.
കടല്‍വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന ചളി വീടുകള്‍ക്കു ചുറ്റും കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമായ എറിയാട് മേഖലയില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. റോഡുകളും ജലസ്രോതസ്സുകളും കടല്‍വെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഒരു കിലോമീറ്ററിലധികം ദൂരം കടല്‍ കയറിയിട്ടുണ്ട്.
അതേസമയം, കടല്‍ക്ഷോഭം രൂക്ഷമായിട്ടും അധികൃതരുടെ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് ചാവക്കാട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീറിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചത്. കാലങ്ങളായി കരിങ്കല്‍ ഭിത്തി നിര്‍മിക്കാത്തതിലും ദുരിതബാധിത പ്രദേശത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും തിരിഞ്ഞുനോക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.
അഞ്ചങ്ങാടി വളവിലാണ് ആദ്യം ഉപരോധ സമരം നടന്നത്. ഇതോടെ ചാവക്കാട്-അഞ്ചങ്ങാടി റോഡില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം നിശ്ചലമായി. ഉപരോധം ശക്തമായതോടെ സ്ഥലത്തെത്തിയ പോലിസ് പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പ്രകടനമായി അഞ്ചങ്ങാടി സെന്ററിനു കിഴക്കുവശത്ത് എത്തുകയും വീണ്ടും റോഡ് ഉപരോധം തുടങ്ങുകയും ചെയ്തു. ഇതോടെ ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പഞ്ചായത്ത് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top