തൃശൂരിലേത് നേരിയ ഭൂചലനം; ആശങ്ക വേണ്ടെന്ന് അധികൃതര്‍

തൃശൂര്‍: കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ മാത്രമെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇത് അപായകരമല്ല. പ്രളയം കഴിഞ്ഞുണ്ടായ ഭൂചലനം ആളുകളെ പരിഭ്രാന്തരാക്കിയെങ്കിലും ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രളയശേഷം ഭൂചലനസാധ്യതകള്‍ കുറവാണ്.
ഭൂചലനത്തിന്റെ കൃത്യമായ തീവ്രതയും പ്രഭവകേന്ദ്രവും കണ്ടെത്താനായിട്ടില്ല. വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. തിരുവനന്തപുരത്തെ നാഷനല്‍ സ്‌പേസ് സയന്‍സ് സ്റ്റഡീസിലെ ഭൂകമ്പ മാപിനിയില്‍ ഭൂചലനം സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ 3ന് മുകളിലുള്ള ഭൂചലനങ്ങളുടെ തീവ്രത മാത്രമേ ഇവിടെ കൃത്യമായി കണ്ടെത്താനാകൂ.
ഭൂമിക്കടിയിലെ ഫലകങ്ങളുടെ ക്രമീകരണമാണ് ഇത്തരം ചെറുചലനങ്ങളുടെ കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്. പ്രളയത്തിന്റെ തുടര്‍ച്ചയെന്നോണം ഭൂമിക്കടിയിലെ മണ്ണും ജലവും ഇളകി നീങ്ങാന്‍ സാധ്യതയുണ്ടെങ്കിലും പേടിക്കേണ്ടതില്ല. തുടര്‍ചലനങ്ങളില്ലാതിരുന്നതും ആശ്വാസകരമാണ്. വെള്ളിയാഴ്ച അര്‍ധരാത്രി 11.13ന് ആണ് വന്‍ മുഴക്കത്തോടെ ഒരു സെക്കന്‍ഡ് നേരത്തേക്ക് ചലനമുണ്ടായത്. തൃശൂര്‍ പാടടുരായ്ക്കല്‍, നഗരത്തിനടുത്ത വിയ്യൂര്‍, ചേറൂര്‍, കണ്ണംകുളങ്ങര, ഒല്ലൂര്‍, കുരിയച്ചിറ, മണ്ണുത്തി, പൂച്ചട്ടി, കൂര്‍ക്കഞ്ചേരി, വടൂക്കര, ലാലൂര്‍, അരണാട്ടുകര, കാര്യാട്ടുകര, അയ്യന്തോള്‍, പട്ടാളക്കുന്ന്, വലക്കാവ്, കോലഴി, എന്നിവയ്ക്കു പുറമേ ചേര്‍പ്പ്, ഊരകം, വല്ലച്ചിറ, പെരിഞ്ചേരി, അമ്മാടം, ആമ്പല്ലൂര്‍ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. വീടിന്റെ ജനലുകളും വാതിലുകളും ഇളകി.
ഫഌറ്റുകളിലെ പാത്രങ്ങള്‍മറിഞ്ഞു വീണു. ശബ്ദം കേട്ടതോടെ പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്കു പുറത്തേക്കിറങ്ങി. ഭൂമികുലുക്കമാണെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പരന്നതോടെയാണ് ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരായത്.

RELATED STORIES

Share it
Top