തൃശൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അഞ്ചിന പോലിസ് കര്‍മപദ്ധതി

തൃശൂര്‍: തൃശൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമേവാനായി അഞ്ചിന കര്‍മ പദ്ധതിയുമായി പോലിസ്. അനധികൃത പാര്‍ക്കിങിനെതിരേ ശക്തമായ നടപടി, നഗരപരിധിയിലെ വേഗത നിയന്ത്രണം, റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍ക്ക് കൂടുതല്‍ പരിഗണന, അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരേ നടപടി, ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ ബോധവല്‍കരണം എന്നിവയാണ് അഞ്ചിന കര്‍മ പദ്ധതി.
പാര്‍ക്കിങ്
റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുക എന്ന ലക്ഷ്യവുമായാണ് നഗരത്തിലെ പാര്‍ക്കിങ് നിയന്ത്രണ വിധേയമാക്കിയത്. 20 പാര്‍ക്കിങ് കേന്ദ്രങ്ങളുടെ ലിസ്റ്റ് പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടു. അനിയന്ത്രിത പാര്‍ക്കിങിനെതിരേ പോലിസ് ഒരുമാസക്കാലമായി ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്. സ്റ്റിക്കര്‍ ഒട്ടിച്ച ഫൈന്‍ വകയില്‍ പോലിസ് കണ്‍ട്രോള്‍ റൂം ഒരുലക്ഷത്തിലധികം രൂപ 20 ദിവസത്തിനുള്ളില്‍ ഈടാക്കി. 100 രൂപ വീതം ദിവസവും 70 ലധികം വാഹനങ്ങളില്‍ നിന്നാണ് ഈ തുക ശേഖരിച്ചത്. റിക്കവറി വാഹനമുപയോഗിച്ച് പൊക്കിയെടുത്ത ഓരോ വാഹനത്തില്‍ നിന്ന് ചെലവിനത്തിലേയ്ക്കായി 600 രൂപയും 100 രൂപ അനധികൃത പാര്‍ക്കിങിനുമായി ഈടാക്കി.  ട്രാഫിക് പോലിസിന് അരലക്ഷം രൂപയാണ് ഇക്കാലയളവില്‍ ഫൈന്‍ ഇനത്തില്‍ ലഭിച്ചത്. അനധികൃത പാര്‍ക്കിങാണ് നഗരത്തെ വീര്‍പ്പുമുട്ടിയ്ക്കുന്നത്. തിരക്കേറിയ റോഡരികിലെ പാര്‍ക്കിംങ് മുഖേന ഗതാഗത കുരുക്കും, അപകടങ്ങളും ഏറുകയാണിന്ന്. റോഡിന്റെ മോശം അവസ്ഥയും മരണക്കുഴികളും തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ മറ്റൊന്ന്. എംജി റോഡ്, ഷൊര്‍ണൂര്‍ റോഡ്, ഹൈറോഡ്, കുറുപ്പം റോഡ്, എംഒ റോഡ്, സെന്‍്‌റ്‌തോമാസ് കോളജ് റോഡ്, കെഎസ്ആര്‍ടിസി റോഡ് എന്നിവിടങ്ങളിലാണ് അനധികൃത പാര്‍ക്കിങിനെതിരേ പോലിസ് കര്‍ശന നടപടിയെടുക്കുന്നത്. സ്റ്റിക്കറൊട്ടിച്ചും കൂടുതല്‍ ഗതാഗത കുരുക്കു തീര്‍ക്കുന്ന അലക്ഷ്യമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനമുപയോഗിച്ചും പൊക്കിയെടുക്കുകയാണ് ചെയ്യുന്നത്. പാര്‍ക്കിംങ് അനുവദനീയമായ സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ. നിലവിലെ 20 അനുവദനീയ പാര്‍ക്കിംങ് കേന്ദ്രങ്ങള്‍ ഇതിനായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. റോഡരികിലെ പാര്‍ക്കിംങ് മുഖേന തല്‍കാലമുള്ള തന്റെ സൗകര്യം മറ്റുള്ളവരുടേയും ഒട്ടേറേ വാഹനങ്ങളുടെയും നീണ്ട നിരയ്ക്കും രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ടെന്ന ബോധ്യത അറിയേണ്ടതുണ്ട്. 4 വണ്‍വേകളിലെ പാര്‍ക്കിങ് തടയാനായി പോലിസ് നടപടി തുടരുകയാണ്. പുഴയ്ക്കല്‍ റോഡ്, പൂങ്കുന്നം എംജി റോഡ്, ദിവാന്‍ജി മൂല പൂത്തോള്‍ റോഡ്, കണിമംഗലം കൊക്കാല റോഡ് എന്നിവിടങ്ങളിലാണ് നടപടി.

വേഗതനിയന്ത്രണം
മണിക്കൂറില്‍ 40 കി.മീ വേഗതയാണ് വലിയ വാഹനങ്ങള്‍ക്ക് സ്വരാജ് റൗണ്ടില്‍ അനുവദനീയമായിട്ടുള്ളത്. മറ്റു ചെറുവാഹനങ്ങള്‍ക്ക് 50 കി.മീ വേഗത. ഗതാഗത കുരുക്കിലകപ്പെട്ട വാഹനങ്ങള്‍ കുരുക്കഴിയുന്നതോടെ പായുന്ന കാഴ്ചയാണ് പലപ്പോഴും, തല്‍ഫലമായി സ്‌ക്കുട്ടര്‍ യാത്രികരും കാല്‍ നടക്കാരും അപകടത്തിലാവുന്ന അവസ്ഥ തടയേണ്ടതാണ്. എളുപ്പം പോവണമെന്ന ചിന്തയില്‍ എളുപ്പം ജീവനെടുക്കുന്ന സ്ഥിതിവിശേഷമുണ്ട്. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. “സ്പീഡിങ് കില്‍സ്” ഭാഗമായി ഇന്റര്‍സെപ്റ്റര്‍ പരിശോധന കര്‍ശനമാക്കും. ഓവര്‍സ്പീഡ് തടയുകയും അപകടങ്ങള്‍ കുറയ്ക്കുകയുമാണ് ലക്ഷ്യം. അഞ്ച് കണ്‍ട്രോള്‍ റൂം വാഹനങ്ങളും രണ്ട് ബുള്ളറ്റുകളും സദാസമയം നഗരപരിധിയില്‍ പരിശോധിയ്ക്കുന്നുണ്ട്. കൂടാതെ ട്രാഫിക്, ഈസ്റ്റ്, സ്‌റ്റേഷന്‍ പോലിസ് വാഹനങ്ങളും പരിശോധന കാര്യക്ഷമമാക്കും. സ്വരാജ് റൗണ്ടിലെ ലൈന്‍ ട്രാഫിക് ലംഘിയ്ക്കുന്ന സ്വകാര്യബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

കാല്‍നടക്കാര്‍ക്ക്  കൂടുതല്‍ പരിഗണന
സീബ്രാലൈന്‍വഴി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാര്‍ക്കാണ് ആദ്യ പരിഗണന നല്‍കുക. നഗരത്തിലെ സ്‌ക്കുള്‍, കോളജ് കേന്ദ്രങ്ങളിലെല്ലാം അതിരാവിലെ മുതല്‍ ട്രാഫിക് ഡ്യൂട്ടിയ്ക്കായി പോലിസുണ്ട്. സ്വരാജ് റൗണ്ടില്‍ റോഡ് ക്രോസ് ചെയ്യാനായി സബ്‌വേകള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണം.

അനാവശ്യ ഹോണ്‍ മുഴക്കല്‍
സ്വകാര്യ ബസ്സുകളും ചില ആഢംബര വാഹനങ്ങളുമാണ് കൂടുതലായി ഭയാനകപ്പെടുത്തുന്ന ഹോണ്‍ മുഴക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ പോലിസ് കര്‍ശന നടപടിയെടുക്കും. ബൈക്ക് യാത്രികരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ഹോണ്‍ മുഴക്കലിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ വാഹന നമ്പര്‍ സഹിതം പരാതിപ്പെടണം.
ഗതാഗത നിയമ
ലംഘനങ്ങള്‍
തടയാന്‍
ബോധവല്‍ക്കരണം
സന്നദ്ധസംഘടനകള്‍, ആക്ട്‌സ്,  എന്നിവരുടെ സഹകരണത്തോടെ വിവിധ ഗതാഗത നിയമങ്ങളും റോഡ് സുരക്ഷയെയും സംബന്ധിച്ചുള്ള ബോധവല്‍കരണ പരിപാടികള്‍ പോലിസ് നടത്തും. താല്‍പര്യപ്പെടുന്ന സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലാ പോലിസുമായി ബന്ധപ്പെടണം. വിവിധ ബോധവല്‍കരണ പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിയ്ക്കും.

ഓട്ടോകള്‍ നിയന്ത്രണത്തില്‍
5100 സിറ്റി പെര്‍മിറ്റ് അംഗീകൃത ഓട്ടോകളും 2200 പുറം ഓട്ടോകളും നഗരാതിര്‍ത്തിയില്‍ ഓടുന്നുണ്ട്. കൂടാതെ വെള്ളിമൂങ്ങ, മറ്റു നൂതന ഓട്ടോകള്‍ 800 എണ്ണവുമുണ്ട്. വ്യാപാര ആവശ്യത്തിനായി മാത്രം ഓടുന്ന 800 ഓട്ടോകളും ഉണ്ട്. പഴയ മുന്‍സിപ്പാലിറ്റി പെര്‍മിറ്റും കോര്‍പറേഷനിലേയ്ക്ക് കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളിലെ ഓട്ടോകളുമടക്കമാണ് ഇവ. പോലിസ് എല്ലാ ഓട്ടോകളുടേയും ഉടമയുടെ വിവരം, ഇന്‍ഷൂറന്‍സ് വാലിഡിറ്റി തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചു കഴിഞ്ഞു. നിലവില്‍ 83 പാര്‍ക്കിങ് കേന്ദ്രങ്ങളാണ് ഓട്ടോറിക്ഷകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. അശാസ്ത്രീയമായി ചെറിയ സ്ഥലത്ത് കൂടുതല്‍ പാര്‍ക്കിംങ് കേന്ദ്രങ്ങളനുവദിച്ചത് പുന:പരിശോധിയ്ക്കാനായി പോലിസ് കത്ത് നല്‍കും. സെന്റ് മേരീസ്, സേക്രട്ട് ഹാര്‍ഡ് സ്‌ക്കൂള്‍ റോഡരികില്‍ 500 ഓട്ടോകള്‍ക്ക് വരെ പാര്‍ക്ക് ചെയ്യാമെന്ന അനുമതി തിരുത്താന്‍ നടപടിയെടുക്കും. പഴയ മെഡിക്കല്‍കോളജ്, ജില്ലാ ആശുപത്രി എന്നീ പേരുകളില്‍ ഒരേ സ്ഥലത്ത് കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളാക്കുന്ന പെര്‍മിറ്റ് അനുമതി നടപടി അവസാനിപ്പിക്കും. ഓട്ടോറിക്ഷകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നതിനായി പോലിസ് നടപടിയെടുത്തു വരികയാണ്.

സിസിടിവി കാമറ, പബ്ലിക് അനൗണ്‍സ്‌മെന്റ് സിസ്റ്റം
നഗരത്തില്‍ പലയിടത്തുമായി സസിടിവി കാമറകളും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും വിവരങ്ങളും നല്‍കാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. കോര്‍പറേഷന്റെ സഹകരണത്തോടെ ഇവ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.

RELATED STORIES

Share it
Top