തൃക്കൊടിത്താനത്ത് ഗുണ്ടാ അക്രമണം; വീടുകളും വാഹനങ്ങളും തകര്‍ത്തു

ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഗുണ്ടാ മോഡല്‍ അക്രമണത്തില്‍ വാഹനങ്ങളും വീടുകളും തകര്‍ത്തു. സംഭവത്തില്‍ ഏതാനും പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമാണ് അക്രമണം ഉണ്ടായത്. കുന്നുംപുറത്തും കിളിമല ഹൗസിങ് കോളനിയിലും മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ഏതാനും യുവാക്കള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നു പറയുന്നു. ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച അക്രമണം ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടു. സംഭവത്തില്‍ തൃക്കൊടിത്താനം സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തതായി തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു. അക്രമണ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞതായും പോലിസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ഒരു സംഘം ആളുകള്‍ പായിപ്പാട് കൊച്ചുപള്ളിക്കു സമീപം തുരുത്തിക്കടവില്‍ ചിലരെ വീടുകയറി മര്‍ദ്ദിക്കുകയും മര്‍ദ്ദനമേറ്റവര്‍ തൃക്കൊടിത്താനം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പോലിസ് സ്റ്റേഷനു സമീപം തൃക്കൊടിത്താനം വേലിക്കകം ജിനീഷിന്റെ വീട്ടിലെത്തിയ സംഘം മുറ്റത്തു കിടന്ന ടിപ്പറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഈ സമയം ഭാര്യയും കുട്ടിയും ബഹളം വച്ചതിനെത്തുടര്‍ന്നു അക്രമികള്‍ രക്ഷപ്പെട്ടു. ഇതിനു ശേഷം സംഘം ഹൗസിങ് കോളനിക്കു സമീപം തൈപ്പറമ്പില്‍ ജെയിംസിന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും എറിഞ്ഞു തകര്‍ത്തു. പിന്നീട് കോളനിയിലെ നിരവധി യുവാക്കളെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top