തൃക്കാക്കരയില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സനെതിരേ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസ്സായി. വോട്ടെടുപ്പില്‍ 43 അംഗങ്ങളില്‍ 22 പേര്‍ ചെയര്‍പേഴ്‌സണ്‍ കെ കെ നീനുവിനെതിരെ വോട്ടു ചെയ്തു. അതോടെ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു പുറത്തായി. ഭരണകക്ഷി അംഗങ്ങളായ 20 കൗണ്‍സിലര്‍മാരും അവിശ്വാസ ചര്‍ച്ചയില്‍ വിട്ടു നിന്നു.
ഇന്നലെ ഉച്ചക്ക് 2.30നാണ് ചെയര്‍പേഴ്‌സന്‍ കെ കെ നീനുവിനെതിരേ യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ ചര്‍ച്ചയും തുടര്‍ന്ന്  വോട്ടെടുപ്പും നടന്നത്. ഇതോടെ ഒരൊറ്റ ദിവസം കൊണ്ട് നഗരസഭയിലെ ചെയര്‍മാനും, വൈസ് ചെയര്‍മാനും അവിശ്വാസത്തിലൂടെ പുറത്തായി.
രാവിലെ ഒമ്പതിന് വൈസ് ചെയര്‍മാനെതിരേ അവിശ്വാസ ചര്‍ച്ചയ്ക്കുള്ള നടപടി ഒരുക്കങ്ങള്‍ നടത്തിയെങ്കിലും അഞ്ച് മിനിട്ട് മുമ്പ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് നഗരസഭ സെക്രട്ടറി മുമ്പാകെ രാജി നല്‍കിയതിനാല്‍ അവിശ്വാസ ചര്‍ച്ച ഉണ്ടായില്ല. രാവിലെ നടന്ന ചടങ്ങിലും ഇടതു കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെതിരേ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സിപിഎം വിമത അംഗം എം എം നാസര്‍ ഉള്‍പ്പെടെ 22 അംഗങ്ങള്‍ പങ്കെടുത്തു. എന്നാല്‍ ഉച്ചകഴിഞ്ഞ് ചെയര്‍പേഴ്‌സനെതിരേ നടന്ന അവിശ്വാസര്‍ച്ചയില്‍ എം എം നാസര്‍ പങ്കെടുത്തില്ല.
ഇടതുഭരണത്തിലെ വൈസ് ചെയര്‍മാനായ സാബു രാവിലെ പദവി രാജിവച്ചശേഷം ചെയര്‍പേഴ്‌സനെതിരേ നടന്ന അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തു. 22 അംഗങ്ങള്‍ ചെയര്‍പേഴ്‌സനെതിരേ വോട്ടു ചെയ്തു അവിശ്വാസം പാസായതായി നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ റാം മോഹന്‍ റോയി അറിയിക്കുകയായിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിജയാഹഌദത്തോടെ മുദ്രവാക്യം വിളിച്ച് കൗണ്‍സില്‍ ഹാളിനു പുറത്തു വന്നപ്പോള്‍, ചെയര്‍പേഴ്‌സനെതിരെ യുഡിഎഫിനോടൊപ്പം ചേര്‍ന്ന് വോട്ടു ചെയ്ത വൈസ് ചെയര്‍മാനായിരുന്ന സാബുവിന്റെ നടപടിയില്‍ പ്രതിഷേധിച്ചും, കഴിഞ്ഞ രണ്ടര വര്‍ഷത്തെ വികസനങ്ങളെ കുറിച്ചും അറിയിച്ചു കൊണ്ടുള്ള പ്രകടനമാണ് ഇടതു കൗണ്‍സിലര്‍ നഗരസഭയിലേക്ക് നടത്തിയത്.
തൃക്കാക്കര നഗരസഭയില്‍ സിപിഎമ്മിന്റെ നേതൃത്ത്വത്തിലുണ്ടായിരുന്ന ഭരണത്തിന് പിന്‍തുണ നല്‍കിയിരുന്ന രണ്ടു സ്വതന്ത്ര അംഗങ്ങളും ഇടതുപാളയത്തില്‍ നിന്നും വിട്ട് യുഡിഎഫ്‌നോടൊപ്പം ചേര്‍ന്നതാണ് ഇടതുഭരണം നഷ്ടപെട്ടത്.
43 അംഗ കൗണ്‍സിലില്‍ രണ്ടു സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെ 22 പേരാണ് ഇടതു മുന്നണിയില്‍ ഉണ്ടായിരുന്നത്. അവര്‍ രണ്ടു പേരും മുന്നണി വിട്ടതാണ് ഭരണം നഷ്ടമാകാന്‍ കാരണം. ഭരണ സമിതിക്കെതിരേ അവിശ്വാസം അവതരിപ്പിക്കാന്‍ സഹചര്യം ഒരുക്കിയത് എം എം നാസറാണ്. വൈസ് ചെയര്‍മാനെതിരേ അവിശ്വാസ നോട്ടീസ് നല്‍കിയതില്‍ ഒപ്പിട്ട നാസര്‍ ഉച്ചകഴിഞ്ഞ് ചെയര്‍പേഴ്‌സനെതിരേ നടന്ന അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും  പങ്കെടുക്കാതിരുന്നത് യുഡിഎഫു കാരെ ചൊടിപ്പിച്ചു. എങ്കിലും ഇടതുഭരണം അവസാനിപ്പിച്ചതില്‍ ആഹഌദത്തിലാണ്.

RELATED STORIES

Share it
Top